71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനായി ഷാരുഖ് ഖാനും വിക്രാന്ത് മാസെയും, നടി റാണി മുഖർജി

2023 ൽ സെൻസർ ചെയ്ത ചിത്രങ്ങൾക്കുള്ള 71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അശുതോഷ് ഗവരികർ ചെയർമാൻ ആയുള്ള ജൂറി ആണ് അവാർഡുകൾ നിർണ്ണയിച്ചത്. മികച്ച നടിക്കുള്ള അവാർഡ് നേടിയത് റാണി മുഖർജി (മിസിസ് ചാറ്റർജി Vs നോർവേ), മികച്ച നടനുള്ള അവാർഡ് നേടിയത് ജവാനിലെ പ്രകടനത്തിന് ഷാരുഖ് ഖാനും ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസെയുമാണ്.
മികച്ച സംവിധാനം സുദിപ്തോ സെൻ (ദി കേരള സ്റ്റോറി). മികച്ച ലൈവ് ആക്ഷൻ ഫിലിം ‘ഹനുമാൻ’, (പ്രശാന്ത് വർമ്മ), മികച്ച ദേശീയോത്ഗ്രഥന ചിത്രം – സാം ബഹാദൂർ (മേഘ്ന ഗുൽസാർ), ജനപ്രീതി നേടിയ ചിത്രം – റോക്കി ഓർ റാണി കി പ്രേം കഹാനി (കരൺ ജോഹർ). മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് വിധു വിനോദ് ചോപ്ര ഒരുക്കിയ ‘ട്വൽത് ഫെയിൽ’ സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് നേടിയത് ക്രിസ്റ്റോ ടോമി ഒരുക്കിയ “ഉള്ളൊഴുക്ക്” ആണ്. മികച്ച തെലുങ്കു ചിത്രമായി ‘ഭഗവന്ത് കേസരി” മാറിയപ്പോൾ, മികച്ച തമിഴ് ചിത്രം ആയത് ‘പാർക്കിംഗ്’ ആണ്. ‘കടൽ- എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി” ആണ് മികച്ച ഹിന്ദി ചിത്രം. മികച്ച ആക്ഷൻ ഡയറക്ടർ- നന്ദു & പൃഥ്വി (ഹനുമാൻ), നൃത്തസംവിധാനം- വൈഭവി മർച്ചന്റ് (റോക്കി ഓർ റാണി കി പ്രേം കഹാനി), സംഗീതം- ജി വി പ്രകാശ് കുമാർ (വാത്തി), പശ്ചാത്തല സംഗീതം- ഹർഷ്വർധൻ രാമേശ്വർ (അനിമൽ), മേക്കപ്പ്- ശ്രീകാന്ത് ദേശായി (സാം ബഹാദൂർ), വസ്ത്രാലങ്കാരം – സച്ചിൻ ലാവ്ലികർ, നിധി ഗംഭീർ. ദിവ്യ ഗംഭീർ (സാം ബഹാദൂർ), പ്രൊഡക്ഷൻ ഡിസൈൻ – മോഹൻദാസ് (2018 ).
എഡിറ്റിംഗ്- മിഥുൻ മുരളി (പൂക്കാലം), സൗണ്ട് ഡിസൈൻ – സച്ചിൻ സുധാകരൻ, ഹരിഹരൻ മുരളിധരൻ (അനിമൽ), തിരക്കഥ – സായി രാജേഷ് നീലം(ബേബി, തെലുങ്ക്), പാർക്കിംഗ് (രാംകുമാർ ബാലകൃഷ്ണൻ, തമിഴ്), ഡയലോഗ് – ദീപക് കിങ്റാണി( സിർഫ് ഏക് ബന്ധ കാഫി ഹേ), ഗായിക – ശില്പ റാവു (ജവാൻ), ഗായകൻ- പിവിഎൻ എസ് രോഹിത് (ബേബി), സഹനടി – ഉർവശി (ഉള്ളൊഴുക്ക്), ജാനകി ബോഡിവാല (വശ്), സഹനടൻ – വിജയരാഘവൻ (പൂക്കാലം), മുത്തുപ്പേട്ടൈ സോമു ഭാസ്കർ (പാർക്കിംഗ്).
വിജയ രാഘവൻ, ഉർവശി, മോഹൻദാസ്, മിഥുൻ മുരളി എന്നിവർ ഉൾപ്പെടെ നാലോളം അവാർഡുകളാണ് മലയാള സിനിമ സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന് അവാർഡ് പ്രതീക്ഷിച്ചിരുന്ന പൃഥ്വിരാജ് സുകുമാരന് അവാർഡ് ലഭിക്കാത്തതും ശ്രദ്ധേയമായി.