“മൈൻഡ് ബ്ലോവിംഗ് എക്സ്പീരിയൻസിന് തയ്യാറാകൂ”; പുഷ്പ 2 വിനെ കുറിച്ച് രശ്മിക മന്ദാന പറയുന്നു

സുകുമാർ സംവിധാനം ചെയ്ത അല്ലു അർജുൻ ചിത്രം ‘പുഷ്പ 2 ദ റൂൾ’ തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ അഞ്ചിന് ആഗോള റിലീസിന് തയ്യാറാകുന്ന ചിത്രത്തിനൊരു കർട്ടൻ റൈസറാസായി ഈ മാസം 17 ന് വൈകിട്ട് 6.03ന് ട്രെയിലർ എത്തും. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് ഇൻസ്റ്റ സ്റ്റോറിയിലൂടെ ചില കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുക ആണ് പുഷ്പ 2 നായിക രശ്മിക മന്ദാന. മൈൻഡ് ബ്ലോവിംഗ് എക്സ്പീരിയൻസ് ചിത്രം നൽകും എന്ന് രശ്മിക പറയുന്നു.
”പുഷ്പ 2 ഷൂട്ട് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു, ആദ്യ പകുതിയുടെ ഡബ്ബിങ് തീർന്നു. ഞാനിപ്പോൾ രണ്ടാം പകുതി ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ പകുതി തന്നെ അത്യന്തം അതിശയകരമാണ്, രണ്ടാം പകുതി അതുക്കും മേലെയാണ്. അക്ഷരാര്‍ത്ഥത്തിൽ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ശരിക്കും ഒരു മൈൻഡ് ബ്ലോവിംഗ് എക്സ്പീരിയൻസ് ആയിരിക്കും, എനിക്ക് കാത്തിരിക്കാൻ വയ്യ”, രശ്മിക ഇൻസ്റ്റ സ്റ്റോറിയിൽ കുറിച്ചു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

പുഷ്പരാജ് എന്ന നായക വേഷത്തിൽ അല്ലു അർജുൻ എത്തിയ പുഷ്പ സീരീസിൽ നായികയായ ശ്രീവള്ളിയെ ആണ് രശ്മിക അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞ ചിത്രത്തെ കേരളത്തിൽ എത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു.