സൈലം സ്ഥാപകൻ ‘ഡോ. അനന്തു എന്റർടെയ്ൻമെൻ്റു’മായി സിനിമാ നിർമ്മാണത്തിലേക്ക്

ദക്ഷിണേന്ത്യയിലെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ‘സൈലം ലേണിംഗി’ന്റെ അമരക്കാരൻ ഡോ. അനന്തു എസ്. സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ പുതിയ പാത വെട്ടിത്തുറന്ന അദ്ദേഹം, ‘ഡോ. അനന്തു എന്റർടെയ്ൻമെന്റ്’ എന്ന പേരിൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചുകൊണ്ടാണ് സിനിമാ ലോകത്തേക്കുള്ള തന്റെ പ്രവേശം കുറിക്കുന്നത്. കമ്പനിയുടെ ലോഗോ പ്രകാശന ചടങ്ങ് കോഴിക്കോട്ട് വെച്ച് നടന്നു.
തന്റെ സവിശേഷമായ അധ്യാപന ശൈലികൊണ്ട് വിദ്യാർത്ഥികൾക്കിടയിൽ തരംഗമായി മാറിയ വ്യക്തിയാണ് 29-കാരനായ ഡോ. അനന്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സൈലം’ എന്ന അദ്ദേഹത്തിന്റെ സംരംഭം കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാണ്. സൈലം ഗ്രൂപ്പിന്റെ സി.ഇ.ഒ പദവിയിൽ തുടർന്നുകൊണ്ടുതന്നെയാണ് ആലപ്പുഴ സ്വദേശിയായ അദ്ദേഹം സിനിമ എന്ന പുതിയ മേഖലയിലേക്ക് കടക്കുന്നത്.
വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ സിനിമ തന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അധ്യാപനം പോലെ താൻ ആസ്വദിക്കുന്ന ഒന്നാണ് സിനിമയെന്നും ഡോ. അനന്തു വ്യക്തമാക്കി. തീയേറ്ററുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി പ്രേക്ഷകർക്ക് മികച്ച ആസ്വാദനാനുഭവം നൽകുന്ന സിനിമകളും ഉള്ളടക്കങ്ങളും നിർമ്മിക്കുകയാണ് ‘ഡോ. അനന്തു എന്റർടെയ്ൻമെന്റി’ന്റെ പ്രധാന ലക്ഷ്യം.
പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ആറോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും ഈ പ്രോജക്ടുകളുടെ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, ഏതാനും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ചർച്ചകളും പുരോഗമിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയൊരു ഡിജിറ്റൽ സാമ്രാജ്യം കെട്ടിപ്പടുത്ത ഡോ. അനന്തുവിന്റെ സിനിമാ പ്രവേശം പ്രതീക്ഷയോടെയാണ് വ്യവസായം ഉറ്റുനോക്കുന്നത്.