വിനീത് ശ്രീനിവാസനും ടോവിനോ തോമസും ഗൗതം മേനോനൊപ്പം; ചിത്രം അടുത്ത മാസം!
സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായ സംവിധായകരിൽ ഒരാളായ ഗൗതം മേനോൻ മലയാളത്തിൽ എത്തുകയാണ്. ഗൗതം മേനോൻ മലയാളത്തിൽ എത്തുന്നത് വിനീത് ശ്രീനിവാസനും ടോവിനോ തോമസിനുമൊപ്പമാണ് എന്നതാണ് മറ്റൊരു സവിശേഷത. പക്ഷെ ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ എത്തുന്നത് സംവിധായകനായി അല്ല, ഒരു നടനായി ആണ്. അടുത്ത മാസം റിലീസ് ചെയ്യുന്ന നാം എന്ന ചിത്രത്തിലൂടെയാണ് ഗൗതം മേനോൻ ഒരു നടനായി മലയാള സിനിമയിൽ അരങ്ങേറുന്നത്. നവാഗതനായ ജോഷി തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
സംവിധായകൻ ഗൗതം മേനോൻ ആയി തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് സൂചന. ടോവിനോ തോമസും വിനീത് ശ്രീനിവാസനും തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റിയിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്തിരുന്നു. മേൽപ്പറഞ്ഞ മൂന്നു പേരുടെയും സാന്നിധ്യം ട്രെയിലറിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. രാഹുൽ മാധവ്, അദിതി രവി, ഗായത്രി സുരേഷ്, രഞ്ജി പണിക്കർ, ടോണി ലുക്ക് , നോബി, ശബരീഷ് വർമ്മ, മറീന മൈക്കൽ, സൈജു കുറുപ്പ്, കോട്ടയം പ്രദീപ് , തമ്പി ആന്റണി, ദിനേശ് പ്രഭാകർ, നന്ദു, പൊന്നമ്മ ബാബു എന്നിങ്ങനെ ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിന്‍റെ ഭാഗം ആണ്.
നാം ട്രെയിലര്‍:
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയെടുത്ത ഒരു ക്യാമ്പസ് ചിത്രമാണ് നാം. ഒരു എ ആർ റഹ്മാൻ ആരാധകന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ചിത്രത്തിന്‍റെ ട്രെയിലറില്‍ പറയുന്നു. ടി പി ഫിലിമ്സിന്‍റെ ബാനറിൽ പ്രേമ ആന്റണി തെക്കേത് ആണ് നാം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. മെയ് പതിനൊന്നിന് നാം തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.