in

ട്രാക്ക് മാറ്റി വിനീത് ശ്രീനിവാസൻ, ത്രില്ലർ ചിത്രം ‘കരം’ വരുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്…

ട്രാക്ക് മാറ്റി വിനീത് ശ്രീനിവാസൻ, ത്രില്ലർ ചിത്രം ‘കരം’ വരുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്…

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘കരം’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം മെറിലാൻഡ് സിനിമാസും ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് നിർമ്മിക്കുന്നത്. ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിതെന്ന് പോസ്റ്റർ സൂചന നൽകുന്നു. തോക്കുമായി ഒരു ബൈക്കിൽ ഇരിക്കുന്ന നടൻ നോബിൾ ബാബുവിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഈ ചിത്രം 2025 സെപ്റ്റംബർ 25-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

വിനീത് ശ്രീനിവാസൻ സാധാരണ ചെയ്യാറുള്ള പ്രണയ, സൗഹൃദ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമകളിൽ നിന്ന് മാറി ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നു എന്നതാണ് ‘കരം’ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ‘ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ തുടങ്ങിയ വിജയ ചിത്രങ്ങൾക്ക് ശേഷം വിനീതും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ആനന്ദം’, ‘ഹെലൻ’ എന്നീ സിനിമകൾക്ക് ശേഷം വിനീത് നിർമ്മാതാവിൻ്റെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘കരം’. വിനീത് സംവിധാനം ചെയ്ത ‘തിര’ എന്ന സിനിമയ്ക്ക് ശേഷം ഒരുങ്ങുന്ന ത്രില്ലർ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

1955-ൽ മെറിലാൻഡ് പുറത്തിറക്കിയ ‘സിഐഡി’ എന്ന ചിത്രം മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലറുകളിൽ ഒന്നായിരുന്നു. ആ സിനിമയുടെ എഴുപതാം വാർഷിക വേളയിലാണ് മെറിലാൻഡ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘കരം’ എന്ന സിനിമയുടെ ചിത്രീകരണം പ്രധാനമായും ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് നടന്നത്. ഷൂട്ടിംഗിന് മുന്നോടിയായി ഏകദേശം ഒരു വർഷത്തോളം സമയമെടുത്താണ് ലൊക്കേഷനുകൾ കണ്ടെത്തിയതും മറ്റ് പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയതും. ഷിംല, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തെ ചിത്രീകരണവും നടന്നു. കേരളത്തിൽ (കൊച്ചി) ഒറ്റ ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്.

ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനാണ്. ‘തട്ടത്തിൻ മറയത്ത്’, ‘തിര’, ‘ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുകയാണ് ‘കര’ത്തിലൂടെ. രഞ്ജൻ എബ്രഹാമാണ് എഡിറ്റിംഗ്. ചിത്രത്തിലെ നായകനായ നോബിൾ ബാബു തോമസാണ് തിരക്കഥാകൃത്ത്. ‘ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം’ എന്ന ചിത്രം നിർമ്മിക്കുകയും ‘ഹെലൻ’ സിനിമയുടെ രചയിതാക്കളിൽ ഒരാളായി പ്രവർത്തിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്ത വ്യക്തിയാണ് നോബിൾ ബാബു.

ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് ചിത്രത്തിലെ നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആൻ്റണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സിനിമയുടെ വിദേശത്തെ വിതരണാവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കി.
സംവിധായകൻ കെ. മധുവിൻ്റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർമാർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊ‍ഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ ആതിര ദിൽജിത്ത്.

ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്ന ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു; അഞ്ച് ഭാഷകളിൽ ചിത്രം എത്തും

ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നിവിൻ പോളി – അജു വർഗീസ് കോമ്പോ; ‘സർവ്വം മായ’ സെക്കൻഡ് ലുക്ക്