റെക്കോർഡ് സൃഷ്ടിച്ചു വില്ലന്‍റെ തുടക്കം; തിരുവനന്തപുരം ഏരീസ് പ്ലെക്സില്‍ സര്‍വ്വകാല റെക്കോര്‍ഡ്
മികച്ച പ്രേക്ഷകാഭിപ്രായവും ആയി പ്രദർശനം തുടങ്ങിയ മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ ബോക്സ് ഓഫീസ് വേട്ട തുടങ്ങിയത് തന്നെ റെക്കോർഡ് നേട്ടവുമായി. തിരുവനന്തപുരത്തു ഏരീസ് പ്ലെക്സ് തിയേറ്റർ കോംപ്ലക്സിൽ വിജയ് ചിത്രമായ ഭൈരവ സ്ഥാപിച്ച റെക്കോർഡ് ആണ് വില്ലൻ തകർത്തെറിഞ്ഞത്. ആദ്യ ദിനം ഭൈരവ നേടിയ 10.47 ലക്ഷം രൂപയായിരുന്നു അവിടെ റെക്കോർഡ്. ആദ്യ ദിനം 10.52 ലക്ഷം രൂപ അവിടെ നിന്ന് ഗ്രോസ് നേടി കൊണ്ടാണ് വില്ലൻ ആ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
22 ഷോകൾ അവിടെ കളിച്ചു കൊണ്ടാണ് ഭൈരവ ആ നേട്ടം സ്വന്തമാക്കിയത് എങ്കിൽ വില്ലന് ഈ നേട്ടം സ്വന്തമാക്കാൻ 14 ഷോകൾ മാത്രമേ വേണ്ടി വന്നുള്ളൂ. കൂടുതൽ വലിയ സ്‌ക്രീനുകളിൽ കളിക്കാൻ കഴിഞ്ഞത് ആണ് ഇവിടെ വില്ലനെ സഹായിച്ചത് എന്ന് പറയാം. അവിടെ നിന്ന് 10.41 ലക്ഷം രൂപ ആദ്യ ദിനം നേടിയ ബാഹുബലി 2 ആണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. ബാഹുബലിയും അവിടെ 14 ഷോ കളിച്ചാണ് മേൽ പറഞ്ഞ ഗ്രോസ് നേടിയത്.
ഏരീസ് പ്ളെക്സിലെ ഏറ്റവും വലിയ ഗ്രോസ് എന്ന റെക്കോർഡ് മോഹൻലാൽ ചിത്രമായ പുലി മുരുകന് ആണ്. മൂന്നു കോടിയോളം രൂപയാണ് അവിടെ നിന്ന് മാത്രം മുരുകൻ കളക്ഷൻ നേടിയത്. തിരുവനന്തപുരം സിറ്റിയിൽ നിന്ന് മാത്രം എട്ടു കോടി ഗ്രോസ് നേടിയിട്ടുണ്ട് പുലി മുരുകൻ. മലയാളത്തിലെ ഏറ്റവും വലിയ ആദ്യ ദിന കലക്ഷനും വില്ലന്റെ പേരിൽ ആകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. ആദ്യ ദിനം 1100 നോട് അടുത്ത ഷോകൾ കളിച്ച വില്ലന് രാത്രിയിൽ സ്പെഷ്യൽ ഷോകൾ അടക്കം ഉണ്ടായിരുന്നു എന്നതും ആദ്യ ദിന റെക്കോർഡിന് സാധ്യത ഏറ്റുന്ന ഘടകം ആണ്.
മോഹൻലാൽ, വിശാൽ, മഞ്ജു വാര്യർ, രാശി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കർ, ശ്രീകാന്ത്, ചെമ്പൻ വിനോദ്, ഹൻസിക എന്നിവർ അഭിനയിച്ച ഈ ചിത്രം ഒരു ഇമോഷണൽ ത്രില്ലർ ആണ്. റോക്ക് ലൈൻ വെങ്കടേഷ് ഇരുപതു കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം റിലീസിന് മുൻപേ തന്നെ 13 കോടി രൂപ നേടിയിരുന്നു.