പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്ന രണ്ടാമൂഴത്തിന്‍റെ ജോലികളില്‍ താന്‍ ജനുവരിയില്‍ സജീവമാകും: ശ്രീകുമാർ മേനോൻ
1000 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന രണ്ടാമൂഴം എന്ന മോഹൻലാൽ ചിത്രം 2018 സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു എന്ന വിവരം നേരത്തെ നമ്മുക്കു മുന്നിലെത്തിക്കഴിഞ്ഞതാണ്. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം, പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയാണ് രണ്ടു ഭാഗമായി നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയ ഈ ചിത്രത്തിന്‍റെ ജോലികളിൽ താൻ വരുന്ന ജനുവരി മാസം മുതൽ ജോയിൻ ചെയ്യുമെന്ന് സംവിധായൻ ശ്രീകുമാർ മേനോൻ അറിയിച്ചു.
ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കുന്ന ഒടിയൻ എന്ന ഫാന്റസി ത്രില്ലറിന്‍റെ ചിത്രീകരണ തിരക്കിൽ ആണ് ശ്രീകുമാർ മേനോൻ. ഇനി ഒരു ഷെഡ്യൂളും കൂടി ബാക്കിയുള്ള ഈ ചിത്രം കഴിഞ്ഞേ ശ്രീകുമാർ മേനോൻ രണ്ടാമൂഴത്തിന്‍റെ ജോലികൾ തുടങ്ങു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ മലയാളത്തിലെ ഏറ്റവും വലിയ ചിത്രം ആണ്. ഈ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളിനായി മോഹൻലാൽ ഇപ്പോൾ തന്‍റെ ശരീര ഭാരം കുറക്കുകയാണ്.
ജ്ഞാനപീഠം അവാർഡ് ജേതാവായ എം ടി വാസുദേവൻ നായരാണ് രണ്ടാമൂഴത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത്. ഭീമ സേനന്‍റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരത കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. ഭീമ സേനനായി മോഹൻലാൽ വേഷമിടുന്ന ഈ ചിത്രത്തിന്‍റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ് . 2018 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം 2020 ഇൽ പ്രദർശനത്തിനെത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രീകരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മറ്റനേകം ലോക ഭാഷകളിലേക്കും ഡബ്ബ് ചെയ്തു പ്രദർശിപ്പിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓസ്കാർ അവാർഡ് നേടിയ ഒട്ടനേകം ടെക്നിഷ്യന്മാർ ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുമെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയിൽ എല്ലാ ഭാഷകളിൽ നിന്നുമുള്ള സൂപ്പർ താരങ്ങളും അതോടൊപ്പം ഹോളിവുഡിൽ നിന്നുള്ള താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കും എന്നാണ് സൂചനകൾ പറയുന്നത്.