അമ്പരപ്പിക്കാൻ സുരാജ്, ഞെട്ടിക്കാൻ വിക്രമും എസ് ജെ സൂര്യയും; ആവേശമായി ‘വീര ധീര സൂരൻ’ ടീസർ
തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “വീര ധീര സൂരൻ”. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുക. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ‘ചിത്താ’ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ഡ്രാമ ആണെന്ന സൂചനയാണ് ടീസർ നൽകുന്നത്.
വിക്രമിനൊപ്പം എസ് ജെ സൂര്യ, മലയാള താരം സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയും ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ കാണിച്ചു തരുന്നത്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ‘മല്ലിക കടൈ’ എന്നാണ് ചിത്രത്തിന്റെ രണ്ടാം ചാപ്റ്ററിന്റെ പേര്.
കർണ്ണൻ, മാമന്നൻ എന്നീ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളുടെയും, പുഴു, നൻപകൽ നേരത്ത് മയക്കം, എബ്രഹാം ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ച തേനി ഈശ്വർ ആണ് ഈ ചിത്രത്തിനും കാമറ ചലിപ്പിച്ചത്. ദുഷാര വിജയൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്.
എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് വീര ധീര സൂരൻ നിർമ്മിക്കുന്നത്. അടുത്തിടെ തങ്കളാൻ എന്ന ചിത്രത്തിലൂടെ വൻ പരാജയം രുചിച്ച വിക്രം വീര ധീര സൂരനിലൂടെ വമ്പൻ തിരിച്ചു വരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അടുത്ത വർഷം ജനുവരി അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.