വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍; ഈ വര്‍ഷം 10000 ഷോകള്‍ പിന്നിടുന്ന രണ്ടാമത്തെ ലാല്‍ ചിത്രം
ഓണം ചിത്രങ്ങളില്‍ ഏറ്റവും വേഗത്തില്‍ 10000 ഷോകള്‍ പിന്നിട്ട വെളിപാടിന്‍റെ പുസ്തകം കളക്ഷനിലും ഓണം ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം. ഈ വര്‍ഷം പതിനായിരം ഷോ പിന്നിടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായി മാറിയിരിക്കുക ആണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം.
പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോള്‍ വെളിപാടിന്‍റെ പുസ്തകം കേരള ബോക്സ്‌ഓഫീസില്‍ നിന്ന് നേടിയത് 17 കോടിയിലേറെ ആണ്. കേരളത്തിന് പുറത്തുനിന്ന് 5 കോടിയിലേറെ കളക്ഷന്‍ നേടിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 20 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുക ആണ് കുറഞ്ഞ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രം.
ലാല്‍ ജോസ് – മോഹന്‍ലാല്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്നത് മികച്ച പ്രതീക്ഷ ആണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍ ചിത്രം നേടിയത് ആകട്ടെ മോശം അഭിപ്രായവും.
മോഹന്‍ലാലിന്‍റെ താരമൂല്യവും ജിമിക്കി കമ്മല്‍ എന്ന എക്കാലത്തെയും വമ്പന്‍ ഹിറ്റ് ഗാനവും ആണ് ചിത്രത്തിന് രക്ഷയായത്. ഓണം ചിത്രങ്ങളില്‍ വിമര്‍ശനങ്ങള്‍ ഒരുപാട് നേരിടേണ്ടി വന്ന ഈ ചിത്രം ഈ കാരണങ്ങള്‍ കൊണ്ട് മാത്രം ആണ് ഓണം ചിത്രങ്ങളില്‍ ഒന്നാമത് എത്തി സൂപ്പര്‍ ഹിറ്റ് ആയത്.
ഈ വര്‍ഷം മൂന്നു മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആണ് തിയേറ്ററുകളില്‍ ഇതുവരെ എത്തിയത്. ആദ്യ റിലീസ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആയിരുന്നു. ഈ വര്‍ഷത്തെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം ആയതും ഈ ചിത്രം തന്നെ. കേരളത്തില്‍ 17000+ ഷോകള്‍ കളിച്ച ചിത്രം ബ്ലോക്ക്‌ബസ്റ്റര്‍ സ്റ്റാറ്റസ് നേടുകയും 50 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. അതിനു ശേഷം എത്തിയ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന മോഹന്‍ലാല്‍ ചിത്രം ബോക്സ് ഓഫീസില്‍ രുചിച്ചത് പരാജയവും.