in

ഒക്ടോബര്‍ 7 ‘പുലിമുരുകന്‍ ഡേ’: മലയാള സിനിമയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ച ദിവസം!

ഒക്ടോബര്‍ 7 ‘പുലിമുരുകന്‍ ഡേ’: മലയാള സിനിമയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ച ദിവസം!

ഇന്ന് ഒക്ടോബർ 7 – മലയാള സിനിമയുടെ ചരിത്രം തിരുത്തികുറിക്കപ്പെട്ടിട്ട് ഒരു വർഷം തികയുന്ന ദിവസം. മലയാള സിനിമയുടെ തലവര തിരുത്തിയ പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്തിട്ടു ഇന്നേക്ക് ഒരു വർഷം.

കഴിഞ്ഞ വർഷം ഇതേ ദിവസം കേരളത്തിലെ തീയേറ്ററുകൾ സാക്ഷ്യം വഹിച്ചത് വിവരിക്കാൻ വാക്കുകൾ ലഭിക്കാത്ത തരത്തിലുള്ള ജനപ്രളയവും ഉത്സവ സമാനമായ ആഘോഷങ്ങളും ആയിരുന്നു.പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെ തുടര്‍ന്നപ്പോള്‍ അതൊരു അത്ഭുതമായി മലയാള സിനിമയ്ക്കും മലയാള സിനിമാപ്രേക്ഷകര്‍ക്കും.

കുട്ടികള്‍ മുതൽ തൊണ്ണൂറു വയസുള്ള വൃദ്ധ ജനങ്ങൾ വരെ തീയേറ്ററിന് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന കാഴ്ചകൾ, അർദ്ധരാത്രിയിലും നിലക്കാത്ത ജനപ്രവാഹം മൂലം തീയേറ്ററുകൾ അടച്ചിടാനാവാത്ത അവസ്ഥ. അതെ പുലിമുരുകൻ മലയാള സിനിമയുടെ അന്നേ വരെയുള്ള സകലമാന ചരിത്രങ്ങളും മലയാള സിനിമ കണ്ടിട്ടുള്ള കാഴ്ച്ചകളുമെല്ലാം തിരുത്തിയെഴുതുകയായിരുന്നു.

ആദ്യമായി 100 കോടിയും 150 കോടിയും നേടിയ മലയാള ചിത്രം എന്ന രീതിയിൽ മാത്രമാണോ പുലിമുരുകൻ നേടിയ വിജയം പ്രസകതമാകുന്നത്. മലയാള സിനിമയെ പുതിയ സ്വപ്‌നങ്ങൾ കാണിച്ച് പുതിയ ഉയരങ്ങളിലേക്ക് പറക്കാനുള്ള ചിറകുകൾ സമ്മാനിച്ചത് പുലിമുരുകൻ ആണ്.

കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുമുള്ള സിനിമാ കമ്പോളം മലയാള സിനിമയ്ക്കു മുന്നിലേക്ക് തുറന്നു പുലിമുരുകന്‍ മലയാള സിനിമയുടെ വളർച്ച ഇരട്ടി വേഗത്തിലാക്കി എന്നത് ചരിത്രം.

ഒരു നിശ്ചിത ബഡ്ജറ്റിന് മുകളിൽ പോയാൽ മുടക്കു മുതൽ തിരിച്ചു കിട്ടുമോ എന്ന് ഭയന്നിരുന്ന ഒരു ചരിത്രം ഉണ്ടായിരുന്നു മലയാള സിനിമയ്ക്കു. ആ ഭയത്തെ ഇല്ലാതാക്കിയതാണ് പുലിമുരുകൻ ഉണ്ടാക്കിയ ആദ്യത്തെ സ്വാധീനം. ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നതും അവരെ ആവേശം കൊള്ളിക്കാൻ കഴിയുന്നതും ആണെങ്കിൽ ഓരോ മലയാളിയും തീയേറ്ററുകളിലേക്കു ഒഴുകി എത്തുമെന്ന് പുലിമുരുകൻ നമ്മുക്ക് കാണിച്ചു തന്നു. എത്ര വലിയ ബജറ്റ് ആണെകിലും അത് മാർക്കറ്റ് ചെയ്യേണ്ട രീതിയിൽ മാർക്കറ്റ് ചെയ്താൽ അനായാസമായി ലാഭം നേടുമെന്നും പുലിമുരുകൻ പഠിപ്പിച്ചു.

കേരളം എന്ന ഇട്ടാവട്ടത്തിൽ ഒതുങ്ങി നിന്ന മലയാള സിനിമയെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റിലും പോലും എത്തിച്ചു ഈ ചിത്രം. ഒരു സൗത്ത് ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ഗൾഫ് രാജ്യങ്ങളിൽ നേടിയ ഈ ചിത്രം യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇത് വരെ മലയാള സിനിമ കളിക്കാത്ത സ്ഥലത്തു പോലും പ്രദർശിപ്പിക്കപ്പെടുകയും റെക്കോർഡ് കളക്ഷൻ നേടി അമ്പരപ്പിക്കുകയും ചെയ്തു. മഹാഭാരതം എന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം ഈ കൊച്ചു കേരളത്തിൽ നിന്നാണ് അനൗൺസ് ചെയ്യപ്പെട്ടതെങ്കിൽ, പുലിമുരുകൻ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയം ആണ് അതിനു കാരണമായ ഘടകങ്ങളിൽ ഒന്ന് എന്ന് സംശമില്ലാതെ തന്നെ പറയാൻ സാധിക്കും നമ്മുക്ക്.

ഒരുപക്ഷെ 1986 ലും 2016 ലും ഒരു ഇൻഡസ്ട്രിയിൽ എക്കാലത്തെയും വലിയ വിജയം സമ്മാനിച്ച ഇന്ത്യൻ സിനിമയിലെ തന്നെ ഏക നടൻ ആയിരിക്കും മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രം നേടിയ വിജയം മലയാളത്തിൽ ഇന്ന് മോഹൻലാലിന് മാത്രം സാധിക്കുന്ന ഒരു കാര്യം ആണെന്ന് പറയേണ്ടി വരും. മലയാള സിനിമയെ ആദ്യമായി 50 കോടി കടത്തിയ മോഹൻലാൽ തന്നെ 100 കോടിയും 150 കോടിയും കടത്തിയത് ഒരു കാവ്യ നീതിയാണ് എന്ന് പറയേണ്ടി വരും. ഒരു മോഹൻലാൽ ചിത്രമായാണ് കൊണ്ട് മാത്രമാണ് ദൃശ്യവും പുലി മുരുകനുമെല്ലാം ബ്രഹ്മാണ്ഡ വിജയങ്ങൾ ആയതെന്നു ദൃശ്യം നമ്മുക്ക് സമ്മാനിച്ച ജീത്തു ജോസഫ് തന്നെ പറയുന്നുണ്ട്. മോഹൻലാൽ എന്ന പേര് ഒരു ചിത്രത്തിന്റെ വിജയത്തിന്റെ ഗ്രാഫ് ഉയർത്തുന്നത് സ്വപ്നങ്ങൾക്കും അപ്പുറത്തേക്കാണ് എന്നത് ഈ നടൻ മലയാളികൾക്ക് ആരാണ് എന്ന സത്യവും അടിവരയിട്ടു പറയുന്നു.

പുലി മുരുകൻ കേവലം ഒരു വലിയ വിജയം എന്ന രീതിയിൽ മാത്രമല്ല ഇന്ന് മലയാള സിനിമയിൽ പ്രസക്തമാവുന്നത്. പുലിമുരുകൻ ഇന്നൊരു അളവ് കോലാണ്. മലയാള സിനിമയുടെ വളർച്ച അളക്കുന്ന അളവ് കോൽ, മലയാളത്തിലെ താര മൂല്യം നിശ്ചയിക്കുന്ന അളവ് കോൽ, മലയാള സിനിമയിലെ പ്രേക്ഷക പങ്കാളിത്തം അളക്കുന്ന അളവുകോൽ. എല്ലാത്തിലുമുപരി പുലി മുരുകൻ എന്നത്, കോടികൾ വെച് അമ്മാനമാടുന്ന, തങ്ങളുടെ വലിപ്പത്തിൽ അഹങ്കരിക്കുന്ന മറ്റു ചില ഇന്ത്യൻ സിനിമാ ഇൻഡസ്ട്രികൾക്ക് മുന്നിൽ തല ഉയർത്തി നില്ക്കാൻ മലയാള സിനിമയെ പ്രാപ്തമാക്കിയ , ഒരു ചലച്ചിത്ര വിസ്മയമാണ്.

നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, സംവിധായന്‍ വൈശാഖ്, തിരക്കഥ രചിച്ച ഉദയകൃഷ്ണ, തുടങ്ങി അഭിനേതാക്കളും മറ്റു അണിയറപ്രവര്‍ത്തകരെയും പോലെ ഓരോ മലയാളികള്‍ക്കും അഭിമാനിക്കാം… ഇനി ഓരോ ഒക്ടോബര്‍ 7ന് പുലിമുരുകന്‍ ഡേ ആയി കൊണ്ടാടും… കാരണം മലയാള സിനിമയുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ പുലിമുരുകന്‍ ജന്മം കൊണ്ട ദിനമല്ലെ അത്!

പുലിമുരുകന്‍ സമ്മാനിച്ച ചിറകിലേറി മലയാള സിനിമ പറന്നു ഉയരുമ്പോള്‍ ഇവിടെ ഇനി പിറക്കും ഒരുപാട് മാഹാഅത്ഭുതങ്ങള്‍… ഒടിയനും, കര്‍ണ്ണനും, ചെങ്ങന്‍ നമ്പ്യാരും മുതല്‍ 1000 കോടിയുടെ മഹാഭാരതവും പിറക്കും ഇവിടെ…

 

വില്ലന് സെൻസർ ബോർഡിന്‍റെ ‘ക്ലീൻ യൂ’ സർട്ടിഫിക്കറ്റ്; ഒക്‌ടോബർ 27ന് വമ്പൻ റിലീസ്

വെളിപാടിന്‍റെ പുസ്തകം 20 കോടിക്ലബ്ബില്‍; ഈ വര്‍ഷം 10000 ഷോകള്‍ പിന്നിടുന്ന രണ്ടാമത്തെ ലാല്‍ ചിത്രം

വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍; ഈ വര്‍ഷം 10000 ഷോകള്‍ പിന്നിടുന്ന രണ്ടാമത്തെ ലാല്‍ ചിത്രം