ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളനി’ൽ കരുത്തുറ്റ പോലീസ് ഓഫീസറായി ബിജു മേനോൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ദൃശ്യം, നേര് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ എന്ന പുതിയ സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നടൻ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിനെ ഗൗരവമേറിയ ഭാവത്തോടെ ആണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
മാധ്യമപ്രവർത്തകർക്കും പോലീസ് സേനയ്ക്കും നടുവിൽ നിശ്ചയദാർഢ്യത്തോടെ നിൽക്കുന്ന ബിജു മേനോനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് പോസ്റ്റർ സൂചന നൽകുന്നു. ബിജു മേനോനൊപ്പം ജോജു ജോർജും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഷാജി നടേശൻ ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ഡിനു തോമസ് ഈലനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ്ലൈനോടെ മുൻപ് ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കുമെന്ന സൂചന നൽകുന്ന സിനിമയുടെ പേര് ബൈബിളിലെ ഒരു സംഭവത്തെ ഓർമ്മിപ്പിക്കുന്നതാണ്. യേശുക്രിസ്തുവിനൊപ്പം കുരിശിലേറ്റപ്പെട്ട വലതുവശത്തെ കള്ളൻ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് പറുദീസയിലേക്ക് പ്രവേശനം നേടിയെന്നാണ് വിശ്വാസം. ഈ ആശയവുമായി സിനിമയുടെ കഥയ്ക്ക് ബന്ധമുണ്ടോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. പിആർഒ : ആതിര ദിൽജിത്ത്