ചരിത്രവും നിഗൂഢതയും ഇഴചേർത്ത് ‘വള’; തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നോട്ട്

മുഹഷിൻ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’ എന്ന ചിത്രം തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഒരു ഫാമിലി ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്ന അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മുഹഷിൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണിത്.
ചരിത്രപരമായ പ്രാധാന്യമുള്ള ഒരു വളയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ആഭരണവും അതിനെ പിന്തുടരുന്ന ഏതാനും മനുഷ്യരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച ഹർഷദാണ് ‘വള’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലങ്ങൾക്കപ്പുറം കെട്ടുപിണഞ്ഞുകിടക്കുന്ന കഥയെ, ഒട്ടും സങ്കീർണ്ണമല്ലാത്ത ആഖ്യാന ശൈലിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയക്കാരനായി ധ്യാൻ ശ്രീനിവാസനും പോലീസ് ഉദ്യോഗസ്ഥനായി ലുക്മാനും സ്ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചപ്പോൾ, വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവരുടെ വൈകാരികമായ അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്നു. രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ പ്രതിനായക വേഷമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പതിവ് വില്ലൻ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
അഫ്നാസ് വിയുടെ ഛായാഗ്രഹണവും സിദ്ദിഖ് ഹൈദറിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തോട് നീതി പുലർത്തുന്നു. ഗോവിന്ദ് വസന്ത ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ ഒഴുക്കിന് മുതൽക്കൂട്ടാവുന്നു. ഫെയർബെ ഫിലിംസ് നിർമ്മിച്ച ചിത്രം വേഫറര് ഫിലിംസാണ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന, ആകാംഷ നിറഞ്ഞ ഒരു സമ്പൂർണ്ണ എന്റർടെയ്നറാണ് ‘വള’ എന്നാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം.