‘മാമാങ്കം’ നിർമ്മാതാവും ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു; ‘മാളികപ്പുറം’ പ്രഖ്യാപിച്ചു…
മലയാളത്തിന്റെ യുവതാരം നിരയിലെ പ്രമുഖ നടനായ ഉണ്ണി മുകുന്ദനും ‘മാമാങ്കം’ നിർമ്മാതാവും വീണ്ടും ഒന്നിക്കുക ആണ്. മമ്മൂട്ടി നായകനായ ‘മാമാങ്ക’ത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് ഉണ്ണി ചെയ്തത് എങ്കിൽ ഇത്തവണ നായകനായി തന്നെയാണ് താരം എത്തുന്നത്. ‘മാളികപ്പുറം’ എന്നാണ് ചിത്രത്തിന്റെ പേര്. വിഷ്ണു ശങ്കർ ആണ് സംവിധാനം. കാവ്യ ഫിലിംസിന്റെ ബാനറിൽ മാമാങ്കം നിർമ്മാതാവ് വേണു കുന്നപിള്ളിയ്ക്ക് ഒപ്പം ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘കുഞ്ഞിക്കൂനൻ’ എന്ന ദിലീപ് ചിത്രം ഒരുക്കിയ സംവിധായകൻ ശശി ശങ്കറിന്റെ മകനായ വിഷ്ണു ശങ്കറിന്റെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. അഭിലാഷ് പിള്ള ആണ് തിരക്കഥ രചിച്ചത്. ഉണ്ണി മുകുന്ദന് ഒപ്പം താരനിരയിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
വിഷ്ണു നാരായണൻ ആണ് ചിത്രത്തിന്റെ ഡിഒപി. രഞ്ജിൻ രാജ് സംഗീത ഒരുക്കുന്ന എഡിറ്റിംഗ് സംവിധായകൻ വിഷ്ണു ശശി ശങ്കർ തന്നെയാണ് നിർവഹിക്കുന്നത്. ഇന്ന് രാവിലെ എരുമേലി ശ്രീധർമ ശാസ്ത്രാ ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജ നടന്നു. ചിത്രീകരണവും ഇന്ന് ആരംഭിച്ചിട്ടുണ്ട്.