100 കോടി നേടി ഉണ്ണി മുകുന്ദനും; മലയാളത്തിൽ നൂറു കോടി ക്ലബിലെത്തിയ നായകന്മാർ ഇവർ

ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോള ഗ്രോസ് 100 കോടി പിന്നിട്ടത്. ഇതോടെ മലയാളത്തിൽ നൂറു കോടി ആഗോള ഗ്രോസ് കളക്ഷൻ നേടുന്ന ഒൻപതാം ചിത്രമായി ‘മാർക്കോ’ മാറി. പുലിമുരുകൻ, ലൂസിഫർ, 2018 , മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു ചിത്രങ്ങൾ.
ഇതോടെ മലയാളത്തിൽ നൂറു കോടി ക്ലബിൽ എത്തുന്ന ചിത്രങ്ങളിൽ നായകനായ താരങ്ങളുടെ ലിസ്റ്റിലും ഉണ്ണി മുകുന്ദൻ ഇടം നേടി. പുലിമുരുകൻ, ലൂസിഫർ എന്നീ രണ്ടു ചിത്രങ്ങളുമായി മോഹൻലാൽ ആണ് ഈ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത്. മലയാളത്തിലെ ആദ്യ രണ്ടു നൂറു കോടി ക്ലബ് ചിത്രങ്ങളും സമ്മാനിച്ചത് മോഹൻലാൽ ആണ്. അതിന് ശേഷം നസ്ലൻ ഗഫൂർ, പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരും, ഇപ്പോൾ ഉണ്ണി മുകുന്ദനും ഈ ലിസ്റ്റിൽ ഇടം നേടി.
2018 , മഞ്ഞുമ്മൽ ബോയ്സ് എന്നീ മൾട്ടിസ്റ്റാർ ചിത്രങ്ങളിലൂടെ സൗബിൻ ഷാഹിർ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർക്കും നൂറു കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങളിൽ ഭാഗമാകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറിലൂടെ ദുൽഖർ സൽമാനും തന്റെ കരിയറിൽ ആദ്യമായി നൂറു കോടി ക്ലബിൽ ഇടം പിടിച്ചു. കഴിഞ്ഞ വർഷമാണ് ദുൽഖർ നായകനായ ഈ തെലുങ്ക് ചിത്രം ഈ നേട്ടം കൈവരിച്ചത്.
മമ്മൂട്ടി, ദിലീപ്, നിവിൻ പോളി, ജയസൂര്യ എന്നിവരാണ് ഇനിയും ഈ നേട്ടം സ്വന്തമാക്കാത്ത പ്രമുഖ താരങ്ങൾ. ബേസിൽ ജോസഫ്, പ്രണവ് മോഹൻലാൽ തുടങ്ങിയ യുവതാരങ്ങളും ഈ പുതിയ വർഷം നൂറു കോടി ക്ലബിൽ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. അതുപോലെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലൂടെ നൂറു കോടി ക്ലബിലെത്തിയ ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ സോളോ ചിത്രങ്ങളിലൂടെ ഈ നേട്ടത്തിലെത്തുമോ എന്നറിയാനും കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.