പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു; ‘മാ വന്ദേ’യിൽ നായകനായി ഉണ്ണി മുകുന്ദൻ

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക്. ‘മാ വന്ദേ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബൃഹദ് ചിത്രത്തിൽ നരേന്ദ്ര മോദിയായി വേഷമിടുന്നത് മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദനാണ്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിർമ്മാതാക്കളായ സിൽവർ കാസ്റ്റ് ക്രിയേഷൻസാണ് ഈ പാൻ ഇന്ത്യൻ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വീർ റെഡ്ഡി എം സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം രചനയും സംവിധാനവും നിർവഹിക്കുന്നത് ക്രാന്തി കുമാർ സി എച്ച് ആണ്. ഒരു സാധാരണക്കാരനിൽ നിന്ന് രാഷ്ട്രനേതാവായി മാറിയ നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ ജീവിതയാത്രയാണ് സിനിമയുടെ പ്രമേയം. അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും കഥ മുന്നോട്ട് പോകുന്നത്. അമ്മ ഹീരാബെൻ മോദിയുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലെ ഒരു പ്രധാന ഘടകമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ‘മാ വന്ദേ’യ്ക്ക് പിന്നിൽ അണിനിരക്കുന്നത്. ‘ബാഹുബലി’ ഫെയിം കെ.കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും, ‘കെജിഎഫ്’ലൂടെ ശ്രദ്ധേയനായ രവി ബസ്രൂർ സംഗീതവും നിർവഹിക്കും. ദേശീയ അവാർഡ് ജേതാക്കളായ ശ്രീകർ പ്രസാദ് എഡിറ്റിംഗും സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുമ്പോൾ കിംഗ് സോളമനാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അത്യാധുനിക വിഎഫ്എക്സിന്റെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ചലച്ചിത്രാനുഭവം പ്രേക്ഷകർക്ക് നൽകുകയാണ് ലക്ഷ്യമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും ചിത്രം റിലീസ് ചെയ്യും.
മറ്റ് അണിയറ പ്രവർത്തകർ: എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ- ശബരി