ലക്ഷ്യം കണ്ടു ‘ഉണ്ട’, കയ്യടി നേടി വീണ്ടും മമ്മൂട്ടി; റിവ്യൂ വായിക്കാം…
യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചലച്ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകർ ഏറെയാണ്. എന്താണ് സംഭവിച്ചത് എന്ന് ഏറെക്കുറെ അറിയാമെങ്കിലും നമുക്കറിയാത്ത ഒരു വശം കൂടി അതിനുണ്ടോ എന്നറിയാനുള്ള ആകാംഷയും നമ്മൾ വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ, ഒരു സംഭവം പ്രിയ താരങ്ങളിലൂടെ വെള്ളിത്തിരയിൽ പുനർജനിക്കുന്നതു കാണാൻ ഉള്ള ആഗ്രഹവുമാണ് ഇത്തരം ചിത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കാനുള്ള കാരണം. ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച അത്തരത്തിലൊരു ചിത്രമാണ് ഖാലിദ് റഹ്മാൻ സംവിധാനം നിർവഹിച്ച ഉണ്ട എന്ന ചിത്രം. നവാഗതനായ ഹർഷദ് രചന നിർവഹിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോകൻ ഷൈൻ ടോം ചാക്കോ, രഞ്ജിത്ത്, ജേക്കബ് ഗ്രിഗറി എന്നിവർ പ്രധാന വേഷത്തിലെത്തിയിരിക്കുന്നു. മൂവി മിൽസിന്‍റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മാവോയിസ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്കു കേരളാ പൊലീസിലെ ഒരു സംഘം പോലീസുകാർ തിരഞ്ഞെടുപ്പ് ജോലിക്കായി പോകുന്നതും അവിടെ വെച്ച അവർക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. എസ് ഐ മണി സാർ എന്ന കഥാപാത്രം ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷ വളരെ കൂടുതലായിരുന്നു. ആ പ്രതീക്ഷകളെ എല്ലാം ശെരിവെക്കുന്ന മികച്ച ഒരു ചിത്രം തന്നെയാണ് ഖാലിദ് റഹ്മാൻ ഇത്തവണയും നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. വൈകാരികമായി വളരെ തീവ്രമായ രീതിയിൽ കഥ പറയുന്ന ഈ ചിത്രം പ്രമേയത്തിന്റെ സത്യസന്ധമായ അവതരണം കൊണ്ടും അതുപോലെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ആഖ്യാന ശൈലി കൊണ്ടുമാണ് ശ്രദ്ധ നേടുന്നത്. ഒരു പക്കാ റിയലിസ്റ്റിക് ചിത്രമായി ആണ് ഉണ്ട നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഹർഷാദ് ഒരുക്കിയ വളരെ മികച്ച തിരക്കഥ ഈ ചിത്രത്തിന്റെ ശ്കതിയായപ്പോൾ ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ ഒരിക്കൽ കൂടി തന്റെ കയ്യടക്കം നമുക്ക് കാണിച്ചു തന്നു. സൂക്ഷ്മമായ രീതിയിൽ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും അവതരിപ്പിച്ച സംവിധായകൻ കഥയോടും അതുപോലെ പ്രേക്ഷക സമൂഹത്തോടും പൂർണ്ണമായും നീതി പുലർത്തി എന്ന് തന്നെ പറയാം. തിരക്കഥയുടെ കെട്ടുറപ്പ് അതിനു സഹായകമായിട്ടുണ്ട്. തമാശയും ആവേശവും ആകാംഷയും എല്ലാം നിറച്ചു തന്നെയാണ് ഉണ്ട നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
എസ് ഐ മണികണ്ഠൻ ആയി എത്തിയ മമ്മൂട്ടി ഒരിക്കൽ കൂടി ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ ഷൈൻ ടോം ചാക്കോ, ഭഗവാൻ തിവാരി എന്നിവരും ഗംഭീര പ്രകടനം തന്നെയാണ് നൽകിയത്. അഭിനേതാക്കൾ തമ്മിലുള്ള തിരശീലയിലെ രസതന്ത്രമായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അർജുൻ അശോകൻ, രഞ്ജിത്, ജേക്കബ് ഗ്രിഗറി, റോണി, ലുക്മൻ, അഭിരാം, ഓംകാർ ദാസ്, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ എന്നിവരും മികച്ചു നിന്നു. അതിഥി വേഷത്തിൽ എത്തിയ വിനയ് ഫോർട്ടും ആസിഫ് അലിയും തങ്ങളുടെ വേഷം ഏറ്റവും ഭംഗിയായി തന്നെ അവതരിപ്പിച്ചു.
സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ വഹിച്ച പങ്കു വളരെ വലുതായിരുന്നു. പ്രശാന്ത് പിള്ളൈ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ കഥാ സന്ദർഭങ്ങളോട് യോജിച്ചു നിന്നപ്പോൾ നിഷാദ് യൂസഫിന്റെ എഡിറ്റിംഗും ചിത്രത്തെ മികച്ച വേഗതയിൽ മുന്നോട്ടു പോകുന്നതിനു സഹായിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, ഉണ്ട എന്ന ഈ ചിത്രം ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച റിയലിസ്റ്റിക് എന്റെർറ്റൈനെറുകളിൽ ഒന്നാണ്. എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സിനെ തൊടുന്ന ഈ ചിത്രം അതിന്റെ അവതരണത്തിലെ തീവ്രത കൊണ്ടും ആകാംഷ നിറക്കുന്ന കഥാ സന്ദർഭങ്ങൾ കൊണ്ടും പ്രേക്ഷകന്‍റെ മനസ്സ് നിറക്കുമെന്നുറപ്പാണ്.