ഇത് പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും നേർക്കാഴ്ച; വൈറസ് റിവ്യൂ വായിക്കാം…
ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് പ്രശസ്ത സംവിധായകൻ ആഷിക് അബു സംവിധാനം നിർവഹിച്ച വൈറസ്. വമ്പൻ താരനിരയുമായി എത്തിയിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി, സുഹാസ്- ഷർഫു എന്നിവർ ചേർന്നാണ്. കോഴിക്കോട് കഴിഞ്ഞ വർഷം പൊട്ടിപ്പുറപ്പെട്ട നിപ്പ വൈറസ് ദുരന്തത്തെ മുൻനിർത്തി ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓ പി എം പ്രൊഡക്ഷൻസ് ആണ് . കുഞ്ചാക്കോ ബോബൻ, രേവതി, ശ്രീനാഥ് ഭാസി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ജോജു ജോർജ്, റഹ്മാൻ, ഇന്ദ്രജിത്ത്, പൂർണിമ, മഡോണ എന്നിവർ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം വമ്പൻ പ്രതീക്ഷകൾക്ക് നടുവിലാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
പതിനേഴു പേരുടെ ജീവൻ കവർന്ന നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിത്. ആ സമയത്തു കോഴിക്കോട് സംഭവിച്ച കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ വേഷത്തിൽ രേവതി എത്തിയപ്പോൾ കളക്ടർ യു.വി. ജോസ് ആയി എത്തിയത് ടോവിനോ തോമസും നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമ കല്ലിങ്കലും എത്തിയിരിക്കുന്നു.
മായാനദി എന്ന ചിത്രം നേടിയെടുത്ത വിജയത്തിനും വമ്പിച്ച നിരൂപക പ്രശംസക്കും ശേഷം ശേഷം മികച്ച ഒരു ചിത്രവുമായി തന്നെയാണ് ആഷിക് അബു നമ്മുക്ക് മുന്നിലെത്തിയിരിക്കുന്നതു. ഒരു റിയൽ ലൈഫ് സംഭവത്തെ അതിന്റെ മുഴുവൻ തീവ്രതയോടെയും കൂടി തന്നെയാണ് ഈ സംവിധായകൻ സമീപിച്ചിരിക്കുന്നത് എന്ന് പറയാം. വളരെ റിയലിസ്റ്റിക് ആയും സത്യസന്ധമായും ആ പ്രമേയം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പത്ര മാധ്യമങ്ങളിലൂടെ നിപ്പ വൈറസ് ആക്രമണ സമയത്തു കോഴിക്കോട് നടന്നത് നമ്മുക്ക് അറിയാം എങ്കിലും ഇനിയെന്ത് എന്നുള്ള ആകാംഷ പ്രേക്ഷകന്റെ മനസ്സിൽ ഉണ്ടാക്കിക്കൊണ്ടുള്ള ഒരു അവതരണ രീതി തന്നെയാണ് ഈ സിനിമയെ ഗംഭീരമാക്കുന്നതു. വളരെ റിയലിസ്റ്റിക് ആയ രീതിയിലുള്ള കഥ പറച്ചിൽ ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. തിരക്കഥ എഴുതിയ മുഹ്‌സിൻ പരാരി, സുഹാസ്- ഷർഫു ടീം നൽകിയ സംഭാവന ഇവിടെ വളരെ വലുതാണ് എന്ന് തന്നെ പറയേണ്ടി വരും. അത്ര ആഴത്തിലും വൈകാരിക തീവ്രമായും ആണ് അവർ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂക്ഷ്മമായ അംശങ്ങളിൽ പോലും രചയിതാക്കളും സംവിധായകനും പുലർത്തിയ ശ്രദ്ധ വളരെ പ്രശംസനീയമാണ്. കഥയുടെ ആകെ മൊത്തമുള്ള കെട്ടുറപ്പിനെ ബാധിക്കാതെ തന്നെ പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തി അവരെ ചിത്രത്തോടൊപ്പം സഞ്ചരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ആഷിക് അബുവിന്‍റെ വിജയം.
ഓരോ അഭിനേതാവും കിടിലൻ പ്രകടനമാണ് ഈ ചിത്രത്തിൽ നൽകിയത്. ലിനി സിസ്റ്ററെ ഓർമിപ്പിക്കുന്ന അഖില എന്ന കഥാപാത്രമായി എത്തിയ റിമ കല്ലിങ്കൽ ഗംഭീരമായ പ്രകടനം നൽകിയപ്പോൾ ആബിദ് ആയി എത്തിയ ശ്രീനാഥ് ഭാസി, അനു ആയി എത്തിയ പാർവതി എന്നിവരുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറിയെന്നു നിസംശയം പറയാം. അനായാസമായ അഭിനയ ശൈലിയിലൂടെ ഇവർ ഓരോരുത്തരും പ്രേക്ഷകരുടെ മനസ്സ് തൊട്ടപ്പോൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും ഇവർക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഇവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരു ഘടകം. രേവതി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, , ടൊവിനോ തോമസ്, ജോജു ജോർജ്, ഇന്ദ്രൻസ്, റഹ്മാൻ, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഇന്ദ്രജിത്ത്, പൂർണിമ, ബേസിൽ ജോസഫ്, മഡോണ, ഷെബിൻ ബെൻസൻ, വെട്ടുകിളി പ്രകാശ്, സജിതാ മഠത്തിൽ, ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് നൽകിയത്.
പ്രശസ്ത സംവിധായകനും ക്യാമെറാമാനുമായ രാജീവ് രവിയാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. കഥക്കാവശ്യമായ റിയലിസ്റ്റിക് ആയ അന്തരീക്ഷം ഒരുക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ദൃശ്യങ്ങളോടൊപ്പം സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ഗംഭീരമായിരുന്നു. സൈജു ശ്രീധരന്റെ എഡിറ്റിംഗ് മികവ് ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാത്ത വേഗതയിൽ ചിത്രത്തെ മുന്നോട് കൊണ്ട് പോകാൻ സഹായിച്ചിട്ടുണ്ട്.
വൈറസ് എന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച റിയലിസ്റ്റിക് ചിത്രങ്ങളിൽ ഒന്നാണ് എന്ന് ഒരുവിധ സംശയങ്ങളുമില്ലാതെ പറയാം. നമ്മുടെ സമൂഹത്തിൽ സംഭവിച്ച ഒരു ദുരന്തന്തിന്റെ എല്ലാ മുഖങ്ങളും കൃത്യമായി അനാവരണം ചെയ്ത ഈ ചിത്രം ഒരു ക്ലാസ് എന്റെർറ്റൈനെർ എന്ന നിലയിൽ ഒരിക്കലും നഷ്ട്ടപെടുത്തരുതാത്ത ഒരു സിനിമാനുഭവം ആണ് നമ്മുക്ക് സമ്മാനിക്കുന്നത്.