ഉണ്ടയിലും മമ്മൂട്ടി എത്തുന്നത് പോലീസ് വേഷത്തിൽ; ചിത്രീകരണം നോർത്ത് ഇന്ത്യയിൽ എന്ന് സൂചന
അടുത്ത വർഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന ഒരു ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി പ്രശസ്തനായ ഖാലിദ് റഹ്മാൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഉണ്ട. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു മമ്മൂട്ടി ഈ ചിത്രത്തിലും ഒരു പോലീസ് ഓഫീസർ ആയാവും അഭിനയിക്കുക. അടുത്ത വർഷം നോർത്ത് ഇന്ത്യയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് ഷൈജു ഖാലിദ് ആയിരിക്കും. അൻവർ റഷീദ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ വന്നത്.
മമ്മൂട്ടിക്ക് ഒപ്പം സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമായി ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. പുതു വർഷത്തിൽ മമ്മൂട്ടി ചെയ്യാൻ പോകുന്ന എബ്രഹാമിന്‍റെ സന്തതികൾ എന്ന ചിത്രത്തിലും അദ്ദേഹം പോലീസ് ഓഫീസർ ആയാണ് അഭിനയിക്കുക. ഡെറിക് എബ്രഹാം എന്ന പോലീസ് കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കാൻ പോകുന്ന ഈ ചിത്രം ഒരുക്കുന്നത് നവാഗതനായ ഷാജി പാടൂരാണ്.
പുതിയ വർഷത്തിലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ആയ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിലും അദ്ദേഹം എത്തുന്നത് പോലീസ് ഓഫീസിൽ ആയാണ് എന്നതാണ് മറ്റൊരു കൗതുകം . ഷാംദത് സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി 26 നു തീയേറ്ററുകളിൽ എത്തും. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. എബ്രഹാമിന്റെ സന്തതികളും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും. കഴിഞ്ഞ വർഷം അനുരാഗ കരിക്കിൻ വെള്ളം എന്ന ഒരു ഫീൽ ഗുഡ് കുടുംബ ചിത്രം ഒരുക്കിയാണ് ഖാലിദ് റഹ്മാൻ രംഗത്ത് വന്നത്. ആസിഫ് അലിയും ബിജു മേനോനും നായകന്മാർ ആയി എത്തിയ ഈ ചിത്രം നിർമ്മിച്ചത് ഓഗസ്റ്റ് സിനിമാസ് ആണ്.