പ്രശാന്ത് നീൽ- ജൂനിയർ എൻടിആർ ചിത്രത്തിൽ ടോവിനോ തോമസും ബിജു മേനോനും?
പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രത്തിൽ മലയാള താരങ്ങളായ ടോവിനോ തോമസ്, ബിജു മേനോൻ എന്നിവർ വേഷമിടുമെന്ന് സൂചന. ഡ്രാഗൺ എന്നായിരിക്കും ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര് എന്ന് വാർത്തകൾ വരുന്നുണ്ട്. താൽക്കാലികമായി NTR31 എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് പ്രോജക്റ്റ് 2025 ജനുവരി 16 ന് ചിത്രീകരണം ആരംഭിക്കും. 2026 ജനുവരി ഒൻപതിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
കെജിഎഫ്, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രശാന്ത് നീൽ ചിത്രത്തിലൂടെ ടോവിനോ തോമസ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്. പ്രശാന്ത് നീലിന്റെ കഴിഞ്ഞ ചിത്രമായ സലാറിൽ പ്രഭാസിനൊപ്പം പ്രധാന വേഷം ചെയ്തത് മലയാള സൂപ്പർതാരമായ പൃഥ്വിരാജ് ആണ്. കന്നഡ സിനിമയിൽ നിന്ന് വളർന്നുവരുന്ന താരമായ രുക്മിണി വസന്താണ് പ്രശാന്ത് നീൽ- ജൂനിയർ എൻടിആർ ചിത്രത്തിൽ നായികയായി എത്തുന്നത്.
മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബിജു മേനോൻ തെലുങ്ക് സിനിമകളിലേക്ക് മടങ്ങിയെത്തുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006 ൽ റിലീസ് ചെയ്ത ഖത്തർനാക് ആണ് ബിജു മേനോൻ അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറക്കുന്ന പ്രശാന്ത് നീൽ- ജൂനിയർ എൻടിആർ ചിത്രത്തിലെ താരനിരയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
അഖിൽ പോൾ- അനസ് ഖാൻ ടീം ഒരുക്കിയ ഐഡന്റിറ്റി ആണ് ടോവിനോ തോമസിന്റെ ഏറ്റവും പുതിയ റിലീസ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ വർഷം അജയന്റെ രണ്ടാം മോഷണത്തിലൂടെ നൂറു കോടി ക്ലബിലും ടോവിനോ ഇടം നേടിയിരുന്നു.