സൗന്ദര്യ രജനികാന്തിന്റെ ചിത്രത്തിൽ ‘ടൂറിസ്റ്റ് ഫാമിലി’ സംവിധായകൻ നായകൻ; അനശ്വര രാജൻ നായിക

പ്രശസ്ത സംവിധായികയും നിർമ്മാതാവുമായ സൗന്ദര്യ രജനികാന്തിന്റെ സിയോൺ ഫിലിംസ് പുതിയൊരു തമിഴ് ചിത്രവുമായി എത്തുന്നു. ഈ വർഷം തമിഴിൽ വലിയ വിജയം നേടിയ ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഭിഷൻ ജീവിന്ത് ആദ്യമായി നായകനായി അഭിനയിക്കുന്നു എന്നതാണ് ഈ പ്രോജക്റ്റിന്റെ പ്രധാന ആകർഷണം. മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
‘ഗുഡ് നൈറ്റ്’, ‘ലവ്വർ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ചാണ് സൗന്ദര്യ രജനികാന്ത് ഈ റൊമാന്റിക് ഡ്രാമ നിർമ്മിക്കുന്നത്. ഒരു റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ ആണ്. ചെന്നൈയിൽ വെച്ച് നടന്ന ലളിതമായ പൂജ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. നടൻ ശശികുമാർ, സിമ്രാൻ, ആർജെ ബാലാജി, മണികണ്ഠൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സംവിധായകന്റെ കുപ്പായം അഴിച്ചുവെച്ച് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നായകനായി എത്തുകയാണ് അഭിഷൻ ജീവിന്ത്. പുതുമയുള്ളതും യുവപ്രേക്ഷകരെ ആകർഷിക്കുന്നതുമായ ഒരു കഥയാണ് ചിത്രത്തിന്റേതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. അനശ്വര രാജന്റെ സാന്നിധ്യം ചിത്രത്തിന് കൂടുതൽ താരപ്പൊലിമ നൽകുന്നു.
ഷോൺ റോൾഡൻ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റിംഗ് സുരേഷ് കുമാറും കലാസംവിധാനം രാജ്കമലും കൈകാര്യം ചെയ്യും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സൗന്ദര്യ രജനികാന്തിന്റെ നിർമ്മാണത്തിൽ ഒരു ഹിറ്റ് സംവിധായകൻ നായകനായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് തമിഴ് സിനിമാലോകം.


