ധനുഷിന്റെ ഹിറ്റ് ചിത്രം മലയാളത്തിലും; ‘തിരുച്ചിദ്രമ്പലം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

0

ധനുഷിന്റെ ഹിറ്റ് ചിത്രം മലയാളത്തിലും; ‘തിരുച്ചിദ്രമ്പലം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ധനുഷിന്റെ ഹിറ്റ് ചിത്രം ‘തിരുച്ചിദ്രമ്പലം’ ഒടിടി റിലീസിന് തയ്യാറായി കഴിഞ്ഞു. മിത്രൻ ജവഹർ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 23ന് ഒടിടിയിൽ എത്തും. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ഒടിടിയിൽ എത്തിക്കുന്നത് സൺ എൻഎക്സ്ടി ആണ്. സെപ്റ്റംബർ 23 മുതൽ സ്‌ട്രീമിംഗ്‌ ആരംഭിക്കുന്ന ചിത്രം 4കെ ദൃശ്യ മികവോടെയും ഡോൾബി അറ്റ്മോസോടെയും ആണ് എത്തുന്നത്. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.

ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകപ്രീതി നേടി ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്തു. ഗാനങ്ങൾ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിൽ വൻ തരംഗം ആണ് സൃഷ്ടിച്ചത്. ധനുഷും നിത്യ മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുച്ചിദ്രമ്പലത്തിൽ റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തിയത്. ധനുഷിനെ നായകനാക്കി മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയോടെ ആയിരുന്നു തിരുചിദ്രമ്പലം എത്തിയത്. യാരടി നീ മോഹിനി, കുട്ടി, ഉത്തമപുത്തിരൻ എന്നിവയാണ് ഈ കൂട്ട്കെട്ടിലെ മറ്റ് ചിത്രങ്ങൾ. ‘യാരടി നീ മോഹിനി’ മിത്രൻ ജവഹന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു.