രശ്മികയുടെ ‘ദി ഗേൾഫ്രണ്ട്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനവുമായി ഹിഷാം അബ്ദുൾ വഹാബ്

രശ്മിക മന്ദാനയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ രവീന്ദ്രൻ ഒരുക്കുന്ന പാൻ-ഇന്ത്യൻ ചിത്രം “ദി ഗേൾഫ്രണ്ടി”ലെ പുതിയ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകി ചിന്മയി ശ്രീപദയ്ക്കൊപ്പം ആലപിച്ച “നീ അറിയുന്നുണ്ടോ” എന്ന ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ചിത്രത്തിലെ നായികയായ രശ്മികയും നായകൻ ദീക്ഷിത് ഷെട്ടിയും തമ്മിലുള്ള പ്രണയനിമിഷങ്ങൾ കോർത്തിണക്കിയാണ് ഗാനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിന് മലയാളത്തിൽ വരികളെഴുതിയിരിക്കുന്നത് അരുൺ ആലാട്ട് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലും ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഒരേസമയം പുറത്തിറക്കിയിട്ടുണ്ട്. ദൃശ്യങ്ങളിൽ രശ്മികയും ദീക്ഷിത്തും തമ്മിലുള്ള മികച്ച ഓൺസ്‌ക്രീൻ കെമിസ്ട്രി വ്യക്തമാണ്, ഇത് സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ “നദിവേ” എന്ന ഗാനവും സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
ഗീത ആർട്‌സിൻ്റെ ബാനറിൽ അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ഈ റൊമാന്റിക് ഡ്രാമയുടെ നിർമ്മാണം ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ്‌സാണ്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് നിർമ്മാണ ചുമതലകൾ നിർവഹിക്കുന്നത്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന “ദി ഗേൾഫ്രണ്ട്” ഉടൻ തന്നെ തിയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും ചോട്ടാ കെ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, വസ്ത്രാലങ്കാരം: ശ്രവ്യ വർമ്മ, സൗണ്ട് ഡിസൈൻ: മനോജ് വൈ ഡി, പിആർഒ: ശബരി.