ദുൽഖർ സൽമാന്റെ പിറന്നാൾ ആഘോഷമാക്കാൻ ‘കാന്ത’ ടീസർ നാളെ എത്തും

ദുൽഖർ സൽമാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ‘കാന്ത’യുടെ ആദ്യ ടീസർ നാളെ (ജൂലൈ 28) പുറത്തിറങ്ങും. ദുൽഖറിൻ്റെ പിറന്നാളിനോടനുബന്ധിച്ച് ആണ് ടീസർ എത്തുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ടീസർ റിലീസ് ചെയ്യും. ‘ലക്കി ഭാസ്കർ’ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം ദുൽഖർ നായകനാവുന്ന ഈ ചിത്രം, വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷ.
‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജ് ആണ് ‘കാന്ത’യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കും എന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. ചിത്രത്തിൻ്റെ നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇതിനകം തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദുൽഖർ, നായിക ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫേറർ ഫിലിംസും തെലുങ്ക് താരം റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും സംയുക്തമായാണ് ‘കാന്ത’ നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവർ നിർമ്മാതാക്കളുടെ നിരയിലുണ്ട്. അന്യഭാഷയിൽ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘കാന്ത’യ്ക്കുണ്ട്. ദുൽഖറിനും സമുദ്രക്കനിക്കും പുറമെ റാണ ദഗ്ഗുബതിയും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
തമിഴിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും. ഡാനി സാഞ്ചസ് ലോപ്പസ് ഛായാഗ്രഹണവും ഗ്വിനേത്ര സംഗീത സംവിധാനവും നിർവഹിക്കുന്നു. ലെവെലിൻ ആന്റണി ഗോൺസാൽവേസ് ആണ് എഡിറ്റർ. ചിത്രത്തിൻ്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.