1995 ൽ ‘ഹൈവേ’, 2022ല്‍ ‘ഹൈവേ-2’; സുരേഷ് ഗോപി-ജയരാജ് ചിത്രം പ്രഖ്യാപിച്ചു…
കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ വീണ്ടും സജീവമാകുക ആണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇന്നിപ്പോൾ പുതിയ ഒരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുക ആണ് താരം. 1995 ൽ പുറത്തിറങ്ങിയ ഹൈവേ എന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിസ്റ്ററി ആക്ഷൻ ത്രില്ലർ ആയിട്ട് ഒരുങ്ങുന്ന ഹൈവേ 2 ജയരാജ് ആണ് സംവിധാനം ചെയ്യുക. ഒന്നാം ഭാഗം സംവിധാനം ചെയ്തതും ജയരാജ് ആയിരുന്നു.
സുരേഷ് ഗോപിയുടെ 254-ാം ചിത്രമായി ആണ് ഹൈവേ 2 ഒരുങ്ങുന്നത്. ലീമ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഉടനെ തന്നെ ഹൈവേ 2വിന്റെ ചിത്രീകരണം ആരംഭിക്കും എന്ന് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.
#Highway2, a mystery action thriller with Jayaraj. Shoot begins soon!#SG254 #SureshGopi #Jayaraj pic.twitter.com/YtpxkHv2Ds
— Suresh Gopi (@TheSureshGopi) June 25, 2022
സുരേഷ് ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത കളിയാട്ടം എന്ന ചിത്രം സംവിധാനം ചെയ്തത് ജയരാജ് ആയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഈ ചിത്രത്തിലെ പ്രകടനത്തെ വിലയിരുത്തുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകന് ഉള്ള ദേശീയ അവാർഡും ജയരാജ് നേടിയിരുന്നു. ഈ കൂട്ട്കെട്ടിലെ അവസാന റിലീസ് ആയ ചിത്രം അത്ഭുതം ആണ്. 2005ൽ ചിത്രീകരണം പൂർത്തിയായ ചിത്രം 2021ൽ ഒടിടി റിലീസ് ആയാണ് എത്തിയത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചർ ഫിലിം എന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ് നേട്ടം അത്ഭുതം എന്ന ഈ ചിത്രത്തിന്റെ പേരിലായിരുന്നു.