വെറൈറ്റി നിറച്ച് ‘ന്നാ താൻ കേസ് കൊട്’ പോസ്റ്റർ; റിലീസും പ്രഖ്യാപിച്ചു…

‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കുഞ്ചാക്കോ ബോബൻ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപത്രമായി എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ആണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ വ്യത്യസ്തമായ ഒരു പോസ്റ്ററിലൂടെ ചിത്രത്തിന്റെ റിലീസും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുക ആണ്.
ഓഗസ്റ്റ് 12ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഒരു ന്യൂസ് പേപ്പറിന്റെ ആദ്യ പേജിന്റെ മാതൃകയിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഒരു കള്ളന്റെ വേഷത്തിൽ ആണ് കുഞ്ചാക്കോ ബോബൻ എത്തുന്നത് എന്ന് ചിത്രത്തിന്റെ പോസ്റ്ററിൽ നിന്ന് മനസിലാക്കാം. എംഎൽഎയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചു കെട്ടി പോലീസിൽ ഏൽപ്പിച്ചു എന്ന വാർത്തയാണ് പോസ്റ്ററിലെ ന്യൂസ് പേപ്പറിൽ കാണാൻ കഴിയുന്നത്. ഒപ്പം കടിയേറ്റ ആ കള്ളന്റെ വേഷത്തിൽ കുഞ്ചാക്കോ ബോബനെയും കാണാം. പോസ്റ്റർ:
ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് വിക്രം ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തിയ ഗായത്രി ശങ്കറാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് കുഞ്ചാക്കോ ബോബൻ. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മനോജ് കണ്ണോത്ത് എഡിറ്റിങ്ങും ഡോൺ വിൻസെന്റ് സംഗീതവും നിർവഹിക്കുന്നു.