‘സമ്മർ ഇൻ ബത്‌ലഹേം’ ഷൂട്ടിംഗ് ആരംഭിച്ചത് തമിഴിൽ; ആ കഥ സിബി മലയിൽ പറയുന്നു…

0

‘സമ്മർ ഇൻ ബത്‌ലഹേം’ ഷൂട്ടിംഗ് ആരംഭിച്ചത് തമിഴിൽ; ആ കഥ സിബി മലയിൽ പറയുന്നു…

സിബി മലയിലിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്‌ലഹേം’ ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ്. പ്രധാന വേഷങ്ങളിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവർ തിളങ്ങിയ ചിത്രം അക്കാലത്ത് ബോക്സ് ഓഫീസിലും വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച അതിഥി വേഷങ്ങളിൽ ഒന്നെന്ന് വിലയിരുത്തുന്ന മോഹൻലാലിന്റെ നിരഞ്ജൻ എന്ന കഥാപാത്രത്തെ സമ്മാനിച്ചതും ഈ ചിത്രം ആയിരുന്നു. ഈ ചിത്രത്തെ സംബന്ധിച്ചു പ്രേക്ഷകർക്ക് അറിയാത്ത ചില കഥകൾ ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പങ്കുവെച്ചിരിക്കുക ആണ്.

തമിഴിൽ ചെയ്യാൻ ഇരുന്ന ചിത്രമാണ് ‘സമ്മർ ഇൻ ബത്‌ലഹേം’ എന്നും ചിത്രീകരണം പോലും ആരംഭിച്ചിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുക ആണ് സിബി മലയിൽ. താരനിരയില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെ ആയിരുന്നു തമിഴില്‍ ചിത്രം തുടങ്ങിയത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ഗസ്റ്റ് റോളിലേക്ക് കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയവരെയും ആലോചിച്ചിരുന്നതിനെ പറ്റിയും പിന്നീട് സംഭവിച്ചതിനെ പറ്റിയും ഒക്കെ സിബി മലയിൽ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

“സമ്മർ ഇൻ ബത്‌ലഹേം തമിഴിൽ ചെയ്യാൻ ആണ് തുടങ്ങിയത്. ജയറാം, പ്രഭു, മഞ്ജു വാര്യരും ആയിരുന്നു. മഞ്ജു വാര്യരെയും പ്രഭുവിനെയും വെച്ചൊരു പാട്ടും ഷൂട്ട് ചെയ്തിരുന്നു. പക്ഷെ പ്രൊഡ്യൂസേഴ്സിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക പ്രശ്നം കാരണം നിന്നുപോയിട്ട് അതേ കാസ്റ്റിൽ പ്രഭുവിനെ മാറ്റി സുരേഷിനെ കൊണ്ടുവന്നു മലയാളത്തിൽ ചെയ്തു.”, സിബി മലയിൽ പറഞ്ഞു.

ഗസ്റ്റ് റോളിലേക്ക് കമൽ ഹാസനെ വിളിച്ചിരുന്നോ എന്നതിന് സിബി നൽകിയ മറുപടി ഇങ്ങനെ: “ആലോചിച്ചിരുന്നെ ഉള്ളൂ, വിളിച്ചിരുന്നില്ല. കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ പല പേരുകൾ ഗസ്റ്റ് റോളിന്റെ ആലോചനയിൽ വന്നിരുന്നു. ലാൽ ആ സമയത്ത് ഒരു ചികിത്സയുടെ ഭാഗമായി ബാംഗ്ലൂർ ആയിരുന്നു. സമയത്ത് ലാലിനെ കിട്ടുമോ എന്നൊരു കൺഫ്യൂഷൻ ഒക്കെ ഉണ്ട്. എന്നാലും ലാലിന്റെ അടുത്ത് പോയി ചോദിക്കുക ആയിരുന്നു. ലാൽ ഉള്ള വിവരം പുറത്തുവിട്ടിരുന്നില്ല. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ ആളുകൾ ഞെട്ടി.”