മദ്യപിച്ചു എത്തിയത് അല്ല, ഷൈനെ ട്രോളുന്നതിന് മുൻപ് അറിയണം ഇക്കാര്യങ്ങൾ…
മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധയമായ വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ നടനാണ് ഷൈൻ ടോം ചാക്കോ. ദളപതി വിജയ്ക്ക് ഒപ്പം ബീസ്റ്റ് എന്ന ചിത്രത്തിൽ വരെ എത്തി നിൽക്കുന്നു ഷൈന്റെ കരിയർ ഇപ്പോൾ. അടുത്തയിടെ താരം പുതിയ ചിത്രമായ വെയിലിന് വേണ്ടി നൽകിയ അഭിമുഖം ട്രോളുകളിലേക്ക് എത്തിച്ചിരുന്നു.
ലഹരി ഉപയോഗിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും ആണ് ഷൈൻ അഭിമുഖത്തിന് എത്തിയത് എന്ന തരത്തിൽ ട്രോളുകൾ പ്രചരിക്കുക ആയിരുന്നു. എന്താണ് ശരിക്ക് സംഭവിച്ചത് എന്ന് വെളിപ്പെടുത്തുക ആണ് ഷൈന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീർ മുഹമ്മദുണ്ണി.
കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്നു കഴിച്ചതിന്‍റെ സെഡേഷനാണ് ഷൈന്‍ അഭിമുഖത്തിൽ ക്ഷീണിതനായിരുന്നതിന് കാരണം എന്ന് മുനീർ വെളിപ്പെടുത്തുന്നു. തല്ലുമാല, ഫെയര്‍ ആൻഡ് ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് കാലിന് പരിക്ക് ഏറ്റത്. പെയിൻ കില്ലറുകൾ കഴിച്ചു ക്ഷീണിതനായി ഹോട്ടലിൽ വിശ്രമിക്കുമ്പോൾ ആണ് വെയിലിന്റെ പ്രൊമോഷന് വേണ്ടി അഭിമുഖങ്ങളിൽ പങ്കെടുക്കേണ്ടി വന്നത് എന്നും ഒരു അഭിമുഖത്തിന് പകരം 16 ഓളം അഭിമുഖങ്ങൾ ആയിരുന്നു സംഘടിപ്പിച്ചിരുന്നത് എന്നും മുനീർ പറയുന്നു. വേദനയും സെഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓണ്‍ലൈൻ സദാചാര പൊലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.”, മുനീർ പറഞ്ഞു.