സിബിഐ വിവാദങ്ങൾ അനാവശ്യം; തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുടെ പ്രതികരണം…
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സിബിഐ 5 ദ് ബ്രെയിൻ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. സിബിഐ സീരീസ് ചിത്രങ്ങളിലെ പ്രശസ്തമായ തീം മൂസികിനെ ചൊല്ലി ദിവസങ്ങൾക്ക് മുൻപ് വിവാദങ്ങൾ ഉണ്ടായിരുന്നു. ഈ വിവാദങ്ങൾക്ക് മറുപടി നൽകുക ആണ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആയ എസ് എൻ സ്വാമി.
തീം മ്യൂസിക് ഒരുക്കിയത് ചിത്രത്തിന്റെ സംഗീത സംവിധായകനായ ശ്യാം അല്ല, ഏ ആർ റഹ്മാൻ ആണ് എന്ന് എസ് എൻ സ്വാമി പണ്ടൊരു അഭിമുഖത്തിൽ പറഞ്ഞു എന്നതിനെ ചൊല്ലി ആയിരുന്നു വിവാദം. ഈ വിവാദങ്ങൾ എല്ലാം അനാവശ്യം ആണെന്നും അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ അടർത്തി എടുത്താണ് ഇല്ലാകഥകൾ മെനയുന്നത് എന്നും സ്വാമി പ്രതികരിച്ചു. ക്യാൻ ചാനൽ മീഡിയയോട് ആണ് സ്വാമി പ്രതികരിച്ചത്.
സ്വാമിയുടെ പ്രതികരണം ഇങ്ങനെ:
“ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു. ഇത്തരം വിവാദങ്ങള് തന്നെ അനാവശ്യമാണ്. പണ്ട് ഞാൻ നല്കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള് അടർത്തിയെടുത്താണ് അവര് ഇല്ലാക്കഥകൾ മെനയുന്നത്. ഞാനന്ന് പറഞ്ഞ വാക്കുകളിൽ ഇന്നും ഉറച്ചുനിൽക്കുന്നു.”
“ഞാനും മമ്മൂട്ടിയും കൂടിയാണ് ശ്യാമിനെ ചെന്നൈയിലുള്ള സ്റ്റുഡിയോയിൽ പോയി കണ്ടത്. അന്ന് അവിടെവച്ച് ശ്യാം പറഞ്ഞിട്ട് തീം മ്യൂസിക് ഞങ്ങളെ വായിച്ച് കേൾപ്പിച്ചത് ദിലീപായിരുന്നു. ദിലീപ് അന്ന് അദ്ദേഹത്തിന്റെ കീബോർഡ് പ്ലെയറാണ്. അദ്ദേഹത്തിന്റെ കീബോർഡിൽ തന്നെയായിരുന്നു ഞങ്ങളെ അത് വായിച്ചു കേൾപ്പിച്ചതും. അതിനർത്ഥം മ്യൂസിക് സൃഷ്ടിച്ചത് ദിലീപാണെന്നാണോ? ഈ വിവാദങ്ങൾ അനാവശ്യമാണ്. അതിന് പിറകെ പോയി എന്തിന് വെറുതെ സമയം കളയണം. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച സംഗീതപ്രതിഭകളിലൊരാളാണ് ശ്യാംജി. അദ്ദേഹത്തെ മോശപ്പെടുത്തുന്ന തരത്തിലുള്ള ഒരു ശ്രമങ്ങളും നല്ലതല്ല. അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും.”, എസ് എൻ സ്വാമി ക്യാൻ ചാനൽ മീഡിയയോട് പ്രതികരിച്ചു.
ദിലീപ് എന്ന പേരിൽ ആയിരുന്നു ഏ ആർ റഹ്മാൻ അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. സംവിധായകൻ ശ്യാമിന്റെ പല ഗാനങ്ങൾക്കും അക്കാലങ്ങളിൽ ദിലീപ് എന്ന റഹ്മാൻ കീബോർഡ് വായിച്ചിരുന്നു.