ആക്ഷനും ആവേശവും നിറച്ച് ഷെയിൻ നിഗത്തിൻ്റെ 25-ാം ചിത്രം ‘ബൾട്ടി’ എത്തി

കബഡി കോർട്ടിലെ വേഗതയും വാശിയും ആക്ഷൻ രംഗങ്ങളുടെ അകമ്പടിയുമായി ഷെയിൻ നിഗത്തിൻ്റെ പുതിയ ചിത്രം ‘ബൾട്ടി’ ഇന്ന് പ്രദർശനത്തിനെത്തി. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ആക്ഷൻ ചിത്രം യുവത്വത്തിൻ്റെ പോരാട്ടവീര്യത്തിൻ്റെ കഥയാണ് പറയുന്നത്. ഷെയിൻ നിഗത്തിൻ്റെ കരിയറിലെ 25-ാമത്തെയും ഏറ്റവും മുതൽമുടക്കുള്ളതുമായ ഈ ചിത്രം വൻ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്ന് വലിയ താരനിരയാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഷെയിൻ നിഗം നായകനായി എത്തുന്നത്. തമിഴിലെ പ്രശസ്ത സംവിധായകൻ സെൽവരാഘവൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഭൈരവൻ എന്ന ശക്തനായ പ്രതിനായക വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഒപ്പം, തമിഴ് നടൻ ശന്തനു ഭാഗ്യരാജ് ‘കുമാർ’ എന്ന മെയ്‌വഴക്കമുള്ള കളിക്കാരനായും സംവിധായകൻ അൽഫോൺസ് പുത്രൻ ‘സൈക്കോ ബട്ടർഫ്ലൈ സോഡാ ബാബു’ എന്ന രസകരമായ കഥാപാത്രമായും എത്തുന്നു. ‘ജീ മാ’ എന്ന കഥാപാത്രത്തിലൂടെ പൂർണ്ണിമ ഇന്ദ്രജിത്തും ഞെട്ടിക്കുന്ന മേക്കോവറിലാണ് പ്രത്യക്ഷപ്പെടുന്നത്.
സംഗീതത്തിനും ‘ബൾട്ടി’യിൽ വലിയ പ്രാധാന്യമുണ്ട്. തമിഴിലെ യുവ സംഗീതസംവിധായകൻ സായ് അഭ്യങ്കർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. അദ്ദേഹം സുബ്ലാഷിനിക്കൊപ്പം ആലപിച്ച ‘ജാലക്കാരി’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കബഡിയും പ്രണയവും സൗഹൃദവും സംഘർഷങ്ങളുമെല്ലാം ഇഴചേർന്നുപോകുന്നു.
‘മഹേഷിൻ്റെ പ്രതികാരം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ നിരവധി ഹിറ്റുകൾ സമ്മാനിച്ച സന്തോഷ് ടി കുരുവിളയാണ് എസ്.ടി.കെ ഫ്രെയിംസിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ബിനു ജോർജ്ജ് അലക്സാണ്ടറും നിർമ്മാണ പങ്കാളിയാണ്. അലക്സ് ജെ പുളിക്കലാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും അണിനിരത്തി ഒരുക്കിയിരിക്കുന്ന ‘ബൾട്ടി’ പ്രേക്ഷകർക്ക് ഒരു സമ്പൂർണ്ണ ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.