ഷാരൂഖ് ഖാനും രാജ്കുമാർ ഹിരാനിയും ഒന്നിക്കുന്നു; ‘ഡൻകി’ പ്രഖ്യാപിച്ചു…
ഷാരൂഖ് ഖാൻ – രാജ്കുമാർ ഹിരാനി ചിത്രത്തെ കുറിച്ച് നിരവധി സ്ഥിരീകരിക്കാത്ത വാർത്തകൾ മാധ്യമങ്ങളില്‍ ദിവസങ്ങളായി നിറയുകയായിരുന്നു. ഇപ്പോളിതാ ഇരുവരും ഒന്നിക്കുന്നു എന്ന് അവർ തന്നെ സ്ഥിരീകരിച്ചിരിക്കുക ആണ്. ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചു. ‘ഡൻകി’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്.
രസകരമായ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ട് വളരെ ഡ്രാമാറ്റിക്ക് ആയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ഷാരൂഖ് ഖാനും രാജ്കുമാർ ഹിരാനിയും നടത്തിയത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വീഡിയോ കാണാം:
ആദ്യമായി ആണ് ഷാരൂഖ് ഖാനും രാജ്കുമാർ ഹിരാനിയും ഒന്നിക്കുന്നത്. മുൻപ് ഷാരുഖിന് വേണ്ടി പല ചിത്രങ്ങൾക്ക് ആയി രാജ്കുമാർ ശ്രമിച്ചിരുന്നു എങ്കിലും അതൊന്നും നടക്കാതെ പോകുകയായിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ കോമഡിയും റൊമാൻസും എല്ലാം ഉൾപ്പെടുന്നുണ്ട് എന്ന് പുറത്തിറങ്ങിയ വീഡിയോയിൽ പറയുന്നുണ്ട്.
ഈ ചിത്രമൊരു ഇമിഗ്രേഷൻ ഡ്രാമ ആണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു പഞ്ചാബ് വില്ലേജിന്റെ സെറ്റ് ചിത്രത്തിനായി നിർമ്മിച്ചു എന്ന വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. താപ്സി പന്നു ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന താരം. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ഷാരൂഖ് ഖാന്റെ ക്രിസ്മസ് റിലീസായി ഡിസംബർ 22ന് ചിത്രം പുറത്തിറക്കും എന്ന വിവരവും ടൈറ്റിൽ പ്രഖ്യാപനത്തിന് ഒപ്പം ഇരുവരും അറിയിച്ചിട്ടുണ്ട്.