വാഗ്ദാനം കോടികൾ, പുകയില പരസ്യത്തിന് ‘നോ’ പറഞ്ഞ് അല്ലു അർജ്ജുൻ…

സുകുമാർ ഒരുക്കിയ ‘പുഷ്പ’ എന്ന ചിത്രത്തിലൂടെ വലിയ തരംഗം സൃഷ്ടിച്ചു പാൻ ഇന്ത്യൻ തലത്തിൽ സ്റ്റാർഡം വിപുലീകരിച്ചിരിക്കുക ആണ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജ്ജുൻ. ഇങ്ങനെ തിളങ്ങി നിൽക്കുന്നത് കൊണ്ട് തന്നെ നിരവധി ബ്രാൻഡുകൾ അവരുടെ പരസ്യ ചിത്രങ്ങൾക്കായി അല്ലുവിന് തേടി എത്തുന്നുണ്ട്. എന്നാൽ കോടികൾ വാഗ്ദാനം ചെയ്തിട്ടും അല്ലു ഒരു പരസ്യം ചിത്രം നിരസിച്ചത് ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.
ഒരു പ്രമുഖ പുകയില ബ്രാൻഡ് മുന്നോട്ട് വെച്ച ഓഫർ ആണ് അല്ലു അർജ്ജുൻ വേണ്ടെന്ന് വെച്ചത്. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയും ആരാധകരെ തെറ്റായ വഴിയിലേക്ക് നടത്തിക്കുകയും ചെയ്യും എന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടികൾ വാഗ്ദാനം ചെയ്ത പരസ്യ ചിത്രം വേണ്ടെന്ന് വെച്ചത്. താരം പരസ്യ ചിത്രങ്ങൾ വളരെ ഉത്തരവാദിത്വത്തോടെ ആണ് തിരഞ്ഞെടുക്കുക എന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ജീവിതത്തിലും പുകയില ഉൽപ്പന്നങ്ങൾ അല്ലു അർജ്ജുൻ ഉപയോഗിക്കാറില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ തീരുമാനം എടുക്കാൻ കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങൾ ഇത്തരം ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ അഭിനയിച്ചതിന് വലിയ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ആണ് മാതൃക ആക്കേണ്ട ഒരു പ്രവൃത്തി അല്ലുവിൽ നിന്ന് ഉണ്ടായിരിക്കുന്നത്. അത് കൊണ്ട് തന്നെ ആരാധകരിൽ നിന്ന് പ്രശംസകൾ താരത്തെ തേടി എത്തുന്നും ഉണ്ട്.
അതേസമയം, പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ആയിരിക്കും അല്ലു അർജ്ജുനെ അടുത്തതായി ആരാധകർക്ക് ബിഗ് സ്ക്രീനിൽ കാണാൻ കഴിയുക. ജൂണിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും. ശേഷം താരം വേണു ശ്രീരാമിന്റെ ഐക്കൺ എന്ന ചിത്രത്തിൽ ആയിരിക്കും അഭിനയിക്കുക. കൊരട്ടാല ശിവ, പ്രശാന്ത് നീൽ, എആർ മുരുകദോസ്, ബോയപതി ശ്രീനു എന്നിവരുടെ ചിത്രങ്ങളും താരത്തിന്റെ ലൈൻ അപ്പിൽ ഉണ്ട്.