അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന സവാരി എന്ന ചിത്രം തിയേറ്ററുകളില്‍ എത്തി. പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയിരിക്കുന്ന ഈ എന്റെർറ്റൈനെർ, ഓപ്പൺഡ് ഐ ക്രീയേഷൻസ്, റോയൽ വിഷൻ എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് . ആഭാസം, കുട്ടൻ പിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിലും ഈ അടുത്തിടെ സുരാജ് നായകനായി അഭിനയിച്ചിരുന്നു. ജനപ്രിയ നായകൻ ദിലീപിന്‍റെ സാന്നിധ്യവും സവാരിയെ ശ്രദ്ധേയമാക്കുന്നുണ്ട്.
തൃശൂരിന്‍റെ പശ്‌ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. തൃശൂർ പൂരവും ഈ ചിത്രത്തിൽ നിർണ്ണായകമായ ഒരു പങ്കു വഹിക്കുന്നുണ്ട്. തൃശൂർ ദേവസ്വത്തെ സഹായിച്ചു ജീവിക്കുന്ന, സവാരി എന്ന് വിളിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് സുരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ വളരെ രസകരമായതും വൈകാരികമായതുമായ ആവിഷ്കാരമാണ് ഈ ചിത്രം. സംവിധായകനായ അശോക് നായർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എന്ന് പറയാം .
രസകരമായ മുഹൂര്‍ത്തങ്ങൾക്കും വൈകാരികതക്കും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കിയ ഈ ചിത്രത്തിൽ മറ്റു വിനോദ ഘടകകങ്ങളും മനോഹരമായി കോർത്തിണക്കിയിട്ടുണ്ട് അദ്ദേഹം . മികച്ച തിരക്കഥക്കു അതിലും മനോഹരമായ രീതിയിൽ ദൃശ്യ ഭാഷ ഒരുക്കാനും അശോക് നായർക്ക് കഴിഞ്ഞു. വിനോദം പകർന്നു നൽകുന്നതോടൊപ്പം ചിത്രം വളരെ നിലവാരമുള്ള രീതിയിലും അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്.
വളരെ പ്രസക്തിയുള്ള ഒരു വിഷയം കൂടി അതിലൂടെ പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. പതർച്ചകൾ ഇല്ലാതെ തന്നെ ചിത്രത്തെ തന്റെ നിയന്ത്രണത്തിൽ നിർത്തി കൊണ്ട് കഥ അവതരിപ്പിക്കാൻ കൂടി അശോക് നായർ എന്ന സംവിധായകന് കഴിഞ്ഞതോടെ സവാരി മനോഹരമായി. കഥാ സന്ദർഭങ്ങൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചതോടൊപ്പം സംഭാഷണങ്ങളും കഥാപാത്ര രൂപീകരണവും മികവ് പുലർത്തിയതും ഈ ചിത്രത്തിന്റെ മികവ് വർധിപ്പിച്ചിട്ടുണ്ട്.
ഒരിക്കൽ കൂടി നായക വേഷത്തിൽ ഗംഭീര പെർഫോമൻസ് നല്കാൻ സുരാജ് വെഞ്ഞാറമൂടിന് കഴിഞ്ഞു എന്ന് പറയാം. കേന്ദ്ര കഥാപാത്രത്തിന്റെ ശരീര ഭാഷ ഈ നടൻ നൽകിയത് വളരെ വിശ്വസനീയമായ രീതിയിൽ ആയിരുന്നു . സംഭാഷണ ശൈലി കൊണ്ടും സുരാജ് പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നുണ്ട് ഈ ചിത്രത്തിൽ. സുരാജിനൊപ്പം തന്നെ ജയരാജ് വാര്യർ, പ്രവീണ, എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന സുനിൽ സുഗത, ശിവാജി ഗുരുവായൂർ, ചെമ്പിൽ അശോകൻ, മണികണ്ഠൻ പട്ടാമ്പി, വി കെ ബൈജു, നന്ദ കുമാർ, രാജ് കുമാർ, ലെന എന്നിവരും തങ്ങളുടെ ഭാഗം തൃപ്തികരമായി തന്നെ ചെയ്തു ഫലിപ്പിച്ചു. അതിഥി വേഷത്തിൽ എത്തിയ ദിലീപും ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയത്.
എസ് ബി പ്രജിത് ഒരുക്കിയ മനോഹര ദൃശ്യങ്ങളും ജസ്റ്റിൻ കാളിദാസ് ഒരുക്കിയ ഇമ്പമുള്ള സംഗീതവും ഈ ചിത്രത്തിന് മുതല്കൂട്ടായിട്ടുണ്ട്. പ്രജിത് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥാന്തരീക്ഷം ഒരുക്കുന്നതിൽ നിർണ്ണായകമായി വന്നിട്ടുണ്ട് എന്ന് എടുത്തു പറഞ്ഞേ പറ്റു. . ജിതിൻ തന്റെ എഡിറ്റിംഗ് മികവിലൂടെ ചിത്രത്തിന് ഒഴുക്കും സാങ്കേതികമായ നിലവാരവും പ്രദാനം ചെയ്‌തപ്പോൾ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചിട്ടുണ്ട് എന്ന് പറയാം.
സവാരി എന്ന ഈ ചിത്രം വിനോദം പകർന്നു നൽകുന്ന കലാമൂല്യമുള്ള ഒരു എന്റെർറ്റൈനെർ ആണെന്ന് പറയാം നമ്മുക്ക്. അതിനൊപ്പം തന്നെ അഭിനേതാക്കളുടെ മികച്ച പ്രകടനവും ചേർന്നപ്പോൾ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന മികച്ച ചിത്രം ആയി മാറി സവാരി. വ്യത്യസ്തമായ പ്രമേയവും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്ഷിക്കുമെന്നുറപ്പാണ്.