മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും സംഗീതയും; ‘ഹൃദയപൂർവ്വം’ ആരംഭിക്കുന്നു

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായ മോഹൻലാൽ- സത്യൻ അന്തിക്കട ടീം വീണ്ടും ഒന്നിക്കുന്ന ‘ഹൃദയപൂർവം’ എന്ന ചിത്രം ആരംഭിക്കുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ പോകുന്നവരുടെ പേരുകൾ സത്യൻ അന്തിക്കാട് പുറത്ത് വിട്ടു.
തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം താരനിരയെ കുറിച്ചുള്ള വിവരങ്ങൾ പങ്ക് വെച്ചത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇപ്രകാരം, “‘ഹൃദയപൂർവ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.
ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.”
നവാഗതനായ സോനു ടി പിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനു മൂത്തേടത്ത് ദൃശ്യങ്ങൾ ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് ആട് ജീവിതത്തിലൂടെ കയ്യടി നേടിയ പ്രശാന്ത് മാധവ് ആണ്. സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
