ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നിവിൻ പോളി – അജു വർഗീസ് കോമ്പോ; ‘സർവ്വം മായ’ സെക്കൻഡ് ലുക്ക്

പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘സർവ്വം മായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റർ ആകാംക്ഷയുണർത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തുപിടിച്ച നിവിൻ പോളി – അജു വർഗ്ഗീസ് കൂട്ടുകെട്ട് ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുമ്പോൾ, ഇരുവരുടെയും ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റർ വൈറലായിക്കഴിഞ്ഞു.
നെഞ്ചിൽ കൈവെച്ച്, നിറഞ്ഞ ചിരിയോടെ നിവിൻ പോളിയെയും രുദ്രാക്ഷമാലയണിഞ്ഞ് അതേ ചിരിയോടെ അജു വർഗ്ഗീസിനെയും പോസ്റ്ററിൽ കാണാം. ഇരുവരുടെയും ഇതുവരെ കാണാത്ത വേഷപ്പകർച്ച ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നു എന്ന സൂചനയാണ് ഈ പോസ്റ്റർ നൽകുന്നത്. ഫാന്റസി കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം, ഒരു “മണ്ണിന്റെ മണമുള്ള” അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഭസ്മക്കുറിയണിഞ്ഞ് കള്ളച്ചിരിയോടെ നിൽക്കുന്ന നിവിൻ പോളിയുടെ ചിത്രം ഏറെ കൗതുകമുണർത്തിയിരുന്നു.
മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനുമായി നിവിൻ പോളിയും അജു വർഗ്ഗീസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സർവ്വം മായ’. നിവിൻ – അജു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ‘സർവ്വം മായ’ നിർമ്മിക്കുന്നത്.
ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ, അഖിൽ സത്യൻ തന്നെയാണ് എഡിറ്റിംഗും സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണനും നിർവഹിക്കുന്നു. ബിജു തോമസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്