പ്രഭാസിന്റെ ‘രാജാ സാബി’ൽ ഞെട്ടിക്കാൻ സഞ്ജയ് ദത്ത്; താരത്തിന്റെ ലുക്ക് ജന്മദിനത്തിൽ പുറത്ത്

പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ഹൊറർ-ഫാന്റസി ചിത്രം ‘ദി രാജാ സാബി’ലെ പുതിയ ഒരു ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നര പടർന്ന ഇടതൂർന്ന മുടിയും തീക്ഷ്ണമായ നോട്ടവുമായി ദുരൂഹത നിറഞ്ഞ ഭാവത്തിലാണ് സഞ്ജയ് ദത്ത് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിനുള്ള പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് നിർമ്മാതാക്കൾ പോസ്റ്റർ പങ്കുവെച്ചത്.
‘പവർഹൗസ്’ എന്ന് താരത്തെ വിശേഷിപ്പിച്ചുകൊണ്ട്, പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനായി കാത്തിരിക്കാനും അണിയറപ്രവർത്തകർ കുറിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് ദത്തിന്റെ ശക്തമായ കഥാപാത്രത്തെക്കുറിച്ചുള്ള സൂചന നൽകുന്ന പോസ്റ്റർ എത്തുന്നത്.
മാരുതി സംവിധാനം ചെയ്യുന്ന ‘രാജാ സാബ്’ ഒരു ഹൊറർ-ഫാന്റസി എന്റർടെയ്നറാണ്. ഐതിഹ്യങ്ങളും അമാനുഷിക ശക്തികളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം, ഭയത്തിനൊപ്പം നർമ്മത്തിനും പ്രാധാന്യം നൽകുന്നു. കരിയറിൽ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലും സ്റ്റൈലിലുമാകും പ്രഭാസ് ചിത്രത്തിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ.
ടി.ജി. വിശ്വപ്രസാദ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ചിത്രം പാൻ-ഇന്ത്യൻ തലത്തിലാണ് റിലീസിനെത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ഡിസംബർ 5-ന് ‘രാജാ സാബ്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. തമൻ എസ്. സംഗീതവും കാർത്തിക് പളനി ഛായാഗ്രഹണവും നിർവഹിക്കുന്നു. ‘ബാഹുബലി’യിലൂടെ ശ്രദ്ധേയനായ ആർ.സി. കമൽ കണ്ണനാണ് ചിത്രത്തിന്റെ വിഎഫ്എക്സിന് നേതൃത്വം നൽകുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്