in

മമ്മൂട്ടിയുടെ നായികയായി സാമന്ത മലയാളത്തിൽ; ഗൗതം വാസുദേവ് മേനോൻ ചിത്രം ജൂൺ 15 ന് ചെന്നൈയിൽ?

മമ്മൂട്ടിയുടെ നായികയായി സാമന്ത മലയാളത്തിൽ; ഗൗതം വാസുദേവ് മേനോൻ ചിത്രം ജൂൺ 15 ന് ചെന്നൈയിൽ?

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികാ വേഷം ചെയ്ത് കൊണ്ട് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാണ് നായികയായി സാമന്തയെത്തുന്നത് എന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂൺ പതിനഞ്ചിന് ചെന്നൈയിൽ ആരംഭിക്കും എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ജൂൺ ഇരുപതിനാണ് മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക എന്നും മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കുകയെന്നും സൂചനയുണ്ട്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം, മൺസൂൺ മാങ്കോസ്, സാറ്റർഡേ നൈറ്റ് എന്നിവ രചിച്ച നവീൻ ഭാസ്കറാണ് ഈ മമ്മൂട്ടി- ഗൗതം മേനോൻ ചിത്രത്തിന്റെ രചയിതാവെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും, ഈ വാർത്തകൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

മമ്മൂട്ടിയോടുള്ള ആരാധന പല അവസരങ്ങളിൽ വെളിപ്പെടുത്തിയിട്ടുള്ള സാമന്ത അദ്ദേഹത്തോടൊപ്പം ഒരു പരസ്യ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ഈ സിനിമ യാഥാർത്ഥ്യമായാൽ ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമയായി ഇത് മാറും. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ ആദ്യം പരിഗണിച്ചത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ ആണെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു.

നവാഗതനായ ഡിനോ ഡെന്നിസ് ഒരുക്കിയ, ബസൂക എന്ന റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു നിർണ്ണായക വേഷത്തിൽ ഗൗതം മേനോനും പ്രത്യക്ഷപ്പെടുന്നുണ്ട്. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടെ അവസാനത്തെ റിലീസ്. ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായി ഒരുക്കിയ ടർബോ എഴുപത് കോടിയോളമാണ് ആഗോള കളക്ഷൻ നേടിയത്. മഹേഷ് നാരായണൻ ചിത്രവും മമ്മൂട്ടിയുടെ ലൈൻ അപ്പിൽ ഉണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി എന്നിവരും ആ ചിത്രത്തിന്റെ താരനിരയിലുണ്ടാകും.

മമ്മൂട്ടി കുടുംബത്തിൽ നിന്ന് ഒരു താരം കൂടി; ആക്ഷനും ത്രില്ലും നൽകാൻ ഡിഎൻഎ വരുന്നു

5 താരങ്ങൾ ചേർന്ന് പുറത്തിറക്കിയത് 5 വ്യത്യസ്ത പോസ്റ്ററുകൾ; കൗതുകമായി ‘ആനന്ദ് ശ്രീബാല’യുടെ പോസ്റ്റർ ലോഞ്ച്…