ഇനി ഒരു ആക്ഷൻ ത്രില്ലർ; ദുൽഖറിന്‍റെ ‘സല്യൂട്ട്’ ജനുവരിയിൽ…
ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒരു വിജയമാകാൻ കുറുപ്പ് എന്ന ചിത്രത്തിനായി. വലിയ മുതൽ മുടക്കിൽ ഈ ക്രൈം ത്രില്ലർ ചിത്രം നിർമ്മിച്ചതും ദുൽഖർ സൽമാൻ ആയിരുന്നു. ദുൽഖറിന്റെ അടുത്ത തിയേറ്റർ റീലീസും താരം തന്നെ നിർമ്മിച്ചു നായകനാകുന്ന ചിത്രമാണ്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ആണ് ദുൽഖറിന്റെ അടുത്ത തിയേറ്റർ റിലീസ്. ഇതൊരു ആക്ഷൻ ത്രില്ലർ ജോണറിലുള്ള ചിത്രമാണ്. റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല എങ്കിലും ജനുവരി 14ന് ചിത്രം എത്തും എന്നാണ് സൂചന.
ബോബി-സഞ്ജയ് കൂട്ട്കെട്ട് ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത്. റോഷനുമായി ഇരുവരും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. വേഫാറർ ഫിലിംസിന്റെ ബാനറിൽ ആണ് ദുൽഖർ സൽമാൻ ഈ ചിത്രം നിർമ്മിക്കുന്നത്.
കൊക്ക്ടെയിൽ എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് സല്യൂട്ട്. മനോജ് കെ ജയൻ, സാനിയ ഇയ്യപ്പൻ, സായ്കുമാർ, ലക്ഷ്‌മി ഗോപാലസ്വാമി,ബിനു പപ്പു, ഇർഷാദ്, അലൻസിയർ എന്നിവർ ആണ് മറ്റ് താരങ്ങൾ.
അസ്‌ലം കെ പുറയിൽ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റർ. സംഗീതം ജെക്‌സ് ബിജോയ്. ട്രിവാൻഡ്രം, കൊല്ലം, കാസർഗോഡ്, ന്യൂ ഡൽഹി എന്നിവിടങ്ങളിൽ ആയിരുന്നു സല്യൂട്ടിന്റെ ചിത്രീകരണം നടന്നത്.