സച്ചി ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?
സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പരക്കുകയാണ്, സച്ചി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ പൃഥ്വിരാജ് നായകനായി എത്തുമെന്നും പൃഥ്വിക്കൊപ്പം നായക വേഷത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരം കൂടി ഉണ്ടാവുമെന്നും. മെഗാസ്റ്റാർ മമ്മൂട്ടി ആയിരിക്കും ആ താരം എന്ന് ഊഹാപോഹങ്ങൾ ഉള്ളതുപോലെ തന്നെ ചില വശങ്ങളിൽ നിന്നും കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിന്‍റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത അനാർക്കലി എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഒരു സംവിധായകൻ എന്ന നിലയിൽ സച്ചിയുടെ ആദ്യത്തെ ചിത്രം. അതിനു മുൻപേ സേതുവുമായി ചേർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക്ക് സച്ചി തിരക്കഥ ഒരുക്കിയിട്ടുണ്ട്.
മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം റൺ ബേബി റൺ ആണ് സച്ചി ആദ്യമായി ഒറ്റയ്ക്ക് എഴുതിയ ചിത്രം. പിന്നീട് ചേട്ടായീസ് എന്ന ചിത്രവും സച്ചി ഒറ്റയ്ക്ക് എഴുതി. ഷാജൂൺ കാര്യാൽ ആണ് ആ ചിത്രം സംവിധാനം ചെയ്തത്.
ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന രാമലീല എന്ന ദിലീപ് ചിത്രവും സച്ചിയുടെ രചന ആണ്. അതുപോലെ സച്ചി, ഷാഫിയോടും നജിം കോയയോടും ഒപ്പം ചേർന്ന് എഴുതിയ തിരക്കഥയാണ് ഷെർലക് ടോംസ് എന്ന ബിജു മേനോൻ- ഷാഫി ചിത്രത്തിന്റേത്. അനാർക്കലി കഴിഞ്ഞപ്പോൾ മുതൽ സച്ചിയുടെ അടുത്ത ചിത്രം ഏതെന്ന ആകാംക്ഷയിൽ ആണ് സിനിമ പ്രേമികൾ.
റൺ ബേബി റൺ കഴിഞ്ഞ സമയത്തു തന്നെ സച്ചിക്കു മോഹൻലാലിന്‍റെ ഓപ്പൺ ഡേറ്റ് ഉണ്ടെന്നാണ് വാർത്തകൾ വന്നിരുന്നത്. ആ വാർത്ത ശരിയാണെങ്കിൽ ഇനി വരാൻ പോകുന്ന ചിത്രത്തിൽ പൃഥ്വിക്കൊപ്പം മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാലും അത്ഭുതപ്പെടാനില്ല.
പൃഥ്വിരാജിനെയും ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനും സച്ചി തിരക്കഥ ഒരുക്കും എന്ന മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് ഒന്നും കേൾക്കാൻ ഇല്ല.
അതുപോലെ തന്നെ പൃഥ്വിരാജിനെ നായകൻ ആക്കി താൻ ഒരു പീരീഡ് മൂവി പ്ലാൻ ചെയ്യുന്നുണ്ട് എന്നും സച്ചി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഏതായാലും തന്റെ അടുത്ത ചിത്രത്തെ കുറിച്ച് സച്ചി തന്നെ ഔദ്യോഗികമായി എന്തെങ്കിലും പറയുന്ന വരെ ഊഹാപോഹങ്ങളെ അതിന്റെ വഴിക്കു വിടുകയാവും നല്ലതു.