തലൈവർക്കൊപ്പം ആദ്യമായി ഒന്നിച്ച് ശ്രുതി ഹാസൻ; രജനികാന്ത്-ലോകേഷ് ചിത്രം ‘കൂലി’ ആരംഭിച്ചു…

സൂപ്പർ താരം രജനികാന്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം ആരംഭിച്ചു. ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമായാകും കൂലി ഒരുങ്ങുക എന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ വീഡിയോ പ്രേക്ഷകർക്ക് നൽകിയത്. തലൈവർ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായി കൂലി മാറുമെന്നും ആരാധകർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
മാനഗരം, കൈദി, മാസ്റ്റർ, വിക്രം, ലിയോ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന കൂലി, അദ്ദേഹത്തിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിരിക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇന്നാരംഭിച്ച ചിത്രീകരണത്തിൽ നടി ശ്രുതി ഹാസനും ജോയിൻ ചെയ്തു. ഈ വിവരം ശ്രുതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിക്കുകയും ഉണ്ടായി. ശേഷം താരം സ്റ്റോറി ഡിലീറ്റ് ചെയ്തതും ചർച്ചയായിട്ടുണ്ട്. ആദ്യമായാണ് ഒരു രജനികാന്ത് ചിത്രത്തിൽ ശ്രുതി വേഷമിടുന്നത്.
മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന്റെ കാമറ ചലിപ്പിക്കുക. വിക്രത്തിന് ശേഷം കൂലിയിലൂടെ വീണ്ടും ലോകേഷ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുകയാണ് ഗിരീഷ്. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമിക്കുന്ന കൂലി രജനികാന്തിന്റെ 171-മത്തെ ചിത്രമായാണ് ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കുന്ന കൂലിക്ക് വേണ്ടി ആക്ഷൻ ഒരുക്കുന്നത് അൻപറിവ് ടീമാണ്. 2025 ഏപ്രിൽ റിലീസായി പ്ലാൻ ചെയ്യുന്ന കൂലിയിലെ മറ്റു പ്രധാന താരങ്ങളുടെ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന. മലയാളി താരം ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ളവർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ വേഷമിട്ട ടി ജെ ജ്ഞാനവേൽ ചിത്രം വേട്ടയ്‌യാൻ ഈ വർഷം ഒക്ടോബറിൽ അല്ലെങ്കിൽ ദീപാവലി റിലീസായി എത്തുമെന്നാണ് സൂചന.