പാൻ ഇന്ത്യൻ തരംഗത്തിൽ അല്ലു; നായകൻ ആക്കാൻ രാജമൗലി ഒരുങ്ങുന്നു…

കഴിഞ്ഞ വർഷം അവസാനം തീയേറ്ററുകളിൽ എത്തി മഹാ വിജയം കൊയ്ത ചിത്രമാണ് അല്ലു അർജുന്റെ ‘പുഷ്പ’. പുഷ്പരാജ് എന്ന അല്ലു കഥാപാത്രവും ചിത്രത്തിലെ ഗാനങ്ങളും ഉൾപ്പെടെ വലിയ തരംഗം ആണ് ഇന്ത്യ ഒട്ടാകെ സൃഷ്ടിച്ചത്. ബോളിവുഡിനെ പോലും ഞെട്ടിച്ച ഈ വിജയം കൊണ്ട് അല്ലു അർജുൻ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആയെന്ന് പറയാം. ഇപ്പോളിതാ ആരാധകർക്ക് വലിയ ആവേശം നൽകുന്ന മറ്റൊരു വാർത്തയും പുറത്തു വരികയാണ്.
ആദ്യമായി അല്ലു ആർജുനും സംവിധായകൻ രാജമൗലിയും ഒന്നിക്കാൻ പോകുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നു എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രം ചെയ്യാൻ ഇരുവരും തീരുമാനിച്ചു എന്നാണ്. ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത് ലെറ്റ്സ് ഒടിടി ഗ്ലോബൽ ആണ്. 2023ലേക്ക് ആണ് ഈ ചിത്രം പ്ലാൻ ചെയ്യുന്നത് എന്ന് അവർ സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Locked and confirmed… 2023!! pic.twitter.com/P8suC7CtoG
— LetsOTT Global (@LetsOTT) March 16, 2022
അതേ സമയം, നിലവിൽ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കി ഒരു ചിത്രം മുൻപേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് രാജമൗലി. ഈ ചിത്രത്തിനെ സംബന്ധിച്ച് അഭ്യൂഹങ്ങളും നിറയുന്നുണ്ട്. 2025 ലേക്ക് ചിത്രം മാറ്റി വെച്ചത് ആയും അല്ലു അര്‍ജുന്‍ ചിത്രത്തിന് ശേഷമേ ഈ ചിത്രം ഉണ്ടാവും എന്നും ആണ് അഭ്യൂഹങ്ങള്‍. പുതിയ ചിത്രമായ ആർആർആറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിൽ ആണിപ്പോൾ രാജമൗലി.
തെലുങ്കിൽ നിരവധി മുൻനിര നായകന്മാരോടൊപ്പവും ഒന്നിച്ച രാജമൗലി അല്ലു അർജുനെ നായകനാക്കി ഇതുവരെയും ചിത്രം ഒരുക്കിയിട്ടില്ല. അത് കൊണ്ട് തന്നെ ആരാധകർക്ക് ഈ കൂട്ട് കെട്ടിൽ ഒരു ചിത്രം വരണം എന്ന് വലിയ ആഗ്രഹം ആണ് ഉളളത്. ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിന് ആയി കാത്തിരിക്കുക ആണ് ആരാധകര്‍. അല്ലു അർജുന് ആകട്ടെ പുഷപയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ബാക്കിയുണ്ട്.