‘ബാഹുബലി 2’നെ മറികടന്ന് ഇൻഡസ്ട്രി ഹിറ്റടിച്ച് ‘പുഷ്പ 2: ദ റൂൾ’; കളക്ഷൻ കണക്കുകൾ ഇതാ…
ഇന്ത്യൻ സിനിമയിൽ അതിവേഗം 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയ ‘പുഷ്പ 2: ദ റൂൾ’ സകല ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് ആക്കി മുന്നേറുകയാണ്. അല്ലു അർജുൻ നായകനായ ഈ പാൻ ഇന്ത്യൻ ചിത്രം 32 ദിനം കൊണ്ട് 1831 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടിയതായി ആണ് ചിത്രത്തിന്റെ ഏറ്റവും പുതിയ ഒഫീഷ്യൽ പോസ്റ്റർ സൂചിപ്പിക്കുന്നത്.
സാക്നിൽക്ക് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 1438 കോടി ഗ്രോസ് കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ഇതൊടു കൂടി ബാഹുബലി 2 നേടിയ 1,416.9 കോടി ഗ്രോസ് കളക്ഷൻ മറികടന്ന് ചിത്രം ഇന്ത്യൻ സിനിമയുടെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരിക്കുക ആണ്. ആഗോള കളക്ഷനിൽ ആമിർ ഖാൻ ചിത്രം ദംഗൽ ആണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 2070 കോടിയോളം ഗ്രോസ് കളക്ഷൻ ആണ് ദംഗൽ ആഗോള തലത്തിൽ നേടിയത്. ഈ കളക്ഷൻ പുഷ്പ 2 മറികടക്കുമോ എന്നത് ആണ് ഇന്ത്യൻ സിനിമ ഇപ്പോൾ ഉറ്റുനോക്കുന്നത്.
‘പുഷ്പ’ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ കളക്ഷൻ രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ പുഷ്പ 2 മറികടന്നിരുന്നു. സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ഡിസംബർ 5ന് ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആയിരുന്നു റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് നിർമ്മിച്ചത്.