രാജമൗലി – മഹേഷ് ബാബു ടീമിന്റെ ജംഗിള്‍ അഡ്വഞ്ചര്‍ ചിത്രത്തിൽ ജോയിൻ ചെയ്യാൻ പൃഥ്വിരാജ്

പ്രശസ്ത സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാള സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനും. മഹേഷ് ബാബു നായകനായ ഈ പാൻ വേൾഡ് ചിത്രത്തിൽ വില്ലൻ ആയാണ് പൃഥ്വിരാജ് വേഷമിടുന്നത് എന്നാണ് സൂചന. താൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ, അഭിനയിക്കുന്ന വിലായത്ത് ബുദ്ധ എന്നിവ പൂർത്തിയാക്കിയ പൃഥ്വിരാജ്, ഈ രാജമൗലി ചിത്രത്തിൽ ജോയിൻ ചെയ്യാനായി പുറപ്പെട്ടുകഴിഞ്ഞു.
ചിത്രത്തിന്റെ ഒഡിഷ ഷെഡ്യൂളിൽ മാർച്ച് ആറിനോ ഏഴിനോ പൃഥ്വിരാജ് ജോയിൻ ചെയ്യുമെന്നാണ് സൂചന. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഇന്ത്യന്‍ സിനിമ തന്നെ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ചിത്രം ആയിരിക്കും. 1000 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് വാർത്തകൾ. ഹൈദരാബാദിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു.
എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ആഫ്രിക്കന്‍ മഴക്കാടുകളെ അനുസ്മരിപ്പിക്കുന്ന ഒഡിഷയിലെ ദിയോമലി, കൊരപുത് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഷെഡ്യൂള്‍ നടക്കുക. എം എം കീരവാണി സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത് കെ വി വിജയേന്ദ്ര പ്രസാദ്, രാജമൗലി എന്നിവർ ചേർന്നാണ്.
ഹോളിവുഡ് പ്രൊഡക്ഷൻ സ്റ്റുഡിയോകളും ഈ ചിത്രത്തിന്റെ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട് എന്നാണ് സൂചന. ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ താരനിര, അണിയറ പ്രവർത്തകരുടെ വിവരങ്ങൾ എന്നിവ പുറത്തു വിട്ടുകൊണ്ടുള്ള പ്രസ് മീറ്റ് നടക്കുമെന്നാണ് സൂചന. രണ്ടാം ഷെഡ്യൂളിൽ പത്ത് ദിവസത്തെ ചിത്രീകരണമാണ് പൃഥ്വിരാജ് സുകുമാരനുള്ളത്. അതിന് ശേഷം എമ്പുരാൻ പ്രമോഷനായി അദ്ദേഹം തിരിച്ചെത്തും. മാർച്ച് 27 നാണു എമ്പുരാൻ ആഗോള റിലീസായി എത്തുന്നത്.