ബോളിവുഡിൽ അക്ഷയ് – ഇമ്രാൻ ചിത്രം നിർമ്മിക്കാൻ പൃഥ്വിരാജ്; ‘സെൽഫി’ വരുന്നു…

പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ കമ്പനിയുടെ കീഴിൽ വലിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് പൃഥ്വിരാജ്. മുൻപ് ഓഗസ്റ്റ് സിനിമാസ് എന്ന ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്ന പൃഥ്വിരാജ് 2017 ൽ ആണ് ഈ നിർമ്മാണ കമ്പനി ആരംഭിച്ചത്. ശേഷം അഞ്ച് ചിത്രങ്ങൾ ആണ് നിർമ്മിച്ചത്.
ഇപ്പോളിതാ പുതിയ ഒരു നാഴികക്കല്ല് കൂടി പൃഥ്വിരാജ് പ്രൊഡക്ഷൻസ് സ്വന്തമാക്കുകയാണ്. ബോളിവുഡ് ചിത്രം നിർമ്മിക്കുക എന്നതാണ് പുതിയ ധൗത്യം. മാജിക്ക് ഫ്രെയിംസ് എന്ന മലയാളത്തിലെ നിർമ്മാണ കമ്പനിയും ധർമ്മ പ്രൊഡക്ഷൻസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ കമ്പനികളും നിർമ്മാണത്തിൽ പങ്കാളികൾ ആണ്. സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് ഇക്കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചു.
സെൽഫി എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ നായകന്മാർ ആയി എത്തുന്നത് സൂപ്പർതാരങ്ങളായ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ആണ്. ഉടനെ ചിത്രീകരണം ആരംഭിക്കുന്ന സെൽഫി പൃഥ്വിരാജ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാർ ആയി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ്. രാജ് മെഹ്ത ആണ് സെൽഫി സംവിധാനം ചെയ്യുന്നത്.
2019ൽ പുറത്തിറങ്ങിയ ‘നയൻ’ എന്ന ആദ്യ ചിത്രം ഉൾപ്പെടെ അഞ്ച് മലയാള ചിത്രങ്ങൾ നിർമ്മിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ അന്യഭാഷാ ചിത്രമാണ് സെൽഫി. രൺവീർ സിങ് നായകനായ 83 ഉൾപ്പെടെ നിരവധി അന്യഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ വിതരണം പൃഥ്വിരാജിന്റെ കമ്പനി ഏറ്റെടുത്തിരുന്നു. ഇന്ത്യ ഒട്ടാകെ ആരാധകർ കാത്തിരിക്കുന്ന കെജിഎഫ് 2 ന്റെ കേരളത്തിലെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷൻസിന് ആണ്.