in

പൃഥ്വിരാജ് – ജിത്തു ജോസഫ് ടീം വീണ്ടും; ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ?

പൃഥ്വിരാജ് – ജിത്തു ജോസഫ് ടീം വീണ്ടും; ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ?

മെമ്മറീസ്, ഊഴം എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് – ജിത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. ഒരു ആക്ഷൻ ത്രില്ലറായിരിക്കും ഈ കൂട്ടുകെട്ടിൽ ഇനി സംഭവിക്കുക എന്നാണ് സൂചന. കൂമൻ, ട്വൽത് മാൻ, നുണക്കുഴി എന്നീ ജിത്തു ജോസഫ് ചിത്രങ്ങൾ രചിച്ച കൃഷ്ണകുമാർ ആണ് ഈ ചിത്രവും രചിക്കുക എന്നും വാർത്തകളുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭ്യമല്ല.

ഇപ്പോൾ ആസിഫ് അലി നായകനായ മിറാഷ് എന്ന ചിത്രം ഒരുക്കുകയാണ് ജിത്തു ജോസഫ്. ഇതിനു ശേഷം ഫഹദ് ഫാസിൽ നായകനായ ഒരു ചിത്രം, ബിജു മേനോൻ- ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരു ചിത്രവും എന്നിവയും ജിത്തു ഈ വർഷം ചെയ്യുമെന്നാണ് വാർത്തകൾ വരുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 ഉൾപ്പെടെ രണ്ടു മോഹൻലാൽ ചിത്രങ്ങളുടെയും പണിപ്പുരയിലാണ് അദ്ദേഹം.

അതേ സമയം തന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്. മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയൻ നമ്പ്യാർ ഒരുക്കിയ വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജ് നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. നിസാം ബഷീർ ഒരുക്കാൻ പോകുന്ന നോബഡി, വിപിൻ ദാസ് ഒരുക്കുന്ന സന്തോഷ് ട്രോഫി, ഏറെ കാലമായി പ്ലാൻ ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയൻ എന്നിവയും പൃഥ്വിരാജ് ഈ വർഷം അഭിനയിക്കുമെന്നാണ് വാർത്തകൾ വരുന്നത്.

രാജമൗലി ഒരുക്കുന്ന മഹേഷ് ബാബു ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുമോ എന്നതിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരാനും കൂടി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് – പൃഥ്വിരാജ് ടീം ആദ്യമായി ഒന്നിച്ച മെമ്മറീസ് സൂപ്പർ വിജയം നേടിയപ്പോൾ ഊഴത്തിന് ആ വിജയം ആവർത്തിക്കാൻ സാധിച്ചില്ല. മെമ്മറീസിലെ പൃഥ്വിരാജ് അവതരിപ്പിച്ച സാം അലക്സ് എന്ന കഥാപാത്രത്തിന് ആരാധകരേറെയാണ്.

തലയെ വരവേൽക്കാൻ കേരളവും; ‘വിടാമുയർച്ചി’ എത്തുക 300ലധികം സ്‌ക്രീനുകളിൽ, ആദ്യ ഷോ രാവിലെ 7ന്

“അതൊരു നാഴികക്കല്ലാണ്, അതിനോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ സിനിമ രണ്ടാമത് വരുന്നത്”, വടക്കൻ വീരഗാഥ റീ റിലീസിനെ കുറിച്ച് മമ്മൂട്ടി