in

രാജമൗലിയുടെ കൈപിടിച്ച് ‘പ്രേമലു’ തെലുങ്ക് ദേശത്തേക്ക്; റിലീസ് മാർച്ചിൽ, ഒഫീഷ്യൽ പോസ്റ്റർ പുറത്ത്…

“അതിരുകൾ ഭേദിച്ചു മലയാളത്തിൻ്റെ യുവനിര”; ‘പ്രേമലു’വിനെ തെലുങ്കിൽ എത്തിക്കുക എസ് എസ് രാജമൗലി യുടെ മകൻ എസ് എസ് കാർത്തികേയ……

മലയാളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുന്ന പ്രേമലു തെലുങ്കിലേക്ക്. തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അവിടെ വിതരണം ചെയ്യുന്നത്, ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ കാർത്തികേയയാണ്. ചിത്രം കണ്ട് ഏറെയിഷ്ടപ്പെട്ട കാർത്തികേയ ഈ ചിത്രം വമ്പൻ റിലീസായി അവിടെ മൊഴിമാറ്റിയെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മാർച്ചിൽ ആണ് ടെലുങ്ക് പതിപ്പ് എത്തുക. കോടികൾ നൽകിയാണ് പ്രേമലുവിന്റെ വിതരണാവകാശം കാർത്തികേയ സ്വന്തമാക്കിയതെന്നും വാർത്തകൾ പറയുന്നു.

ചിത്രത്തിന്റെ തെലുങ്ക് പോസ്റ്ററും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രാജമൗലിക്കൊപ്പമുള്ള പ്രേമലു ടീമിന്റെ ചിത്രങ്ങളും ഏതാനും ദിവസങ്ങൾക്ക് മുൻപ് വലിയ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം മുതൽ വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇതിനോടകം ആഗോള ഗ്രോസ്സായി 70 കോടി പിന്നിട്ട ഈ ചിത്രം, മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളുടെ ലിസ്റ്റിൽ ആദ്യ പത്തിലും ഇടം പിടിച്ചു.

നസ്ലെൻ, മമിതാ ബൈജു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സൂപ്പർ വിജയങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ഈ ചിത്രം, ഹൈദരാബാദ് നഗരത്തിന്റെ പശ്ചാത്തലത്തിൽ, കൗമാരക്കാരുടെ ജീവിതത്തിലെ സൗഹൃദം, പ്രണയം എന്നിവക്ക് പ്രാധാന്യം നൽകിയാണ് കഥ പറയുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ മാത്യൂസ് തോമസ്, മീനാക്ഷി രവീന്ദ്രൻ, അൽത്താഫ് സലിം എന്നിവരും വേഷമിട്ടിരിക്കുന്നു.

നായകനായി, ഗായകനായി, നിർമ്മാതാവായി ഇനി സംവിധായകനാവുന്നു; ‘പണി’ പൂർത്തിയാക്കി ജോജു ജോർജ്…

കണ്ണൂർ സ്‌ക്വാഡ്, കാതൽ; ഇരട്ട വിജയം ആഘോഷിച്ച് മമ്മൂട്ടി കമ്പനി…