in

ഭ്രമയുഗം ടീം മുഴുവനും ഒപ്പം; പ്രണവ് മോഹൻലാലും രാഹുൽ സദാശിവനും ഒന്നിക്കുന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ഏപ്രിലിൽ

ഭ്രമയുഗം ടീം മുഴുവനും ഒപ്പം; പ്രണവ് മോഹൻലാലും രാഹുൽ സദാശിവനും ഒന്നിക്കുന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ഏപ്രിലിൽ

മമ്മൂട്ടിയെ നായകനാക്കി ഭ്രമയുഗം എന്ന ഹൊറർ ഡ്രാമ ഒരുക്കി പ്രശസ്തനായ രാഹുൽ സദാശിവൻ മറ്റൊരു ഹൊറർ ത്രില്ലർ സമ്മാനിക്കാനായി ഒരുങ്ങുകയാണ്. ഇത്തവണ പ്രണവ് മോഹൻലാലിനെ നായകനാക്കിയാണ് അദ്ദേഹം ചിത്രമൊരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈ നോട്ട് സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഏപ്രിൽ 2 മുതൽ വടകരയിൽ ചിത്രീകരണം ആരംഭിക്കും.

ആദ്യ ഷെഡ്യൂൾ അവിടെ പൂർത്തിയാക്കിയതിന് ശേഷം ചിത്രീകരണം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ആഖ്യാനത്തിൻ്റെ പശ്ചാത്തലത്തിൽ മമ്മൂട്ടിയെ നെഗറ്റീവ് റോളിൽ അവതരിപ്പിച്ച ഭ്രമയുഗം വലിയ പ്രശംസയാണ് രാഹുൽ സദാശിവന് നേടിക്കൊടുത്തത്. ഭ്രമയുഗത്തിൽ രാഹുൽ സദാശിവന് ഒപ്പം ഉണ്ടായിരുന്ന ഛായാഗ്രാഹകൻ ഷെഹ്‌നാദ് ജലാൽ, സംഗീത സംവിധായകൻ ക്രിസ്‌റ്റോ സേവ്യർ, കലാസംവിധായകൻ ജ്യോതിഷ് ശങ്കർ, എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി എന്നിവരുൾപ്പെടെയുള്ള ടീം ഈ പുതിയ സംരംഭത്തിനായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ആദി, ഹൃദയം, വർഷങ്ങൾക്കു ശേഷം തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലെ തൻ്റെ മികച്ച പ്രകടനത്തിലൂടെ ഒരു മലയാള സിനിമയിൽ സ്വന്തമായ ഒരിടം നേടിയ പ്രണവ് മോഹൻലാൽ, വീണ്ടും നായകനായി എത്തുമ്പോൾ ആരാധകരും സിനിമ പ്രേമികളും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.

റെഡ് റെയ്ൻ, ഭൂതകാലം എന്നീ ചിത്രങ്ങൾ ഭ്രമയുഗത്തിന് മുമ്പ് ഒരുക്കിയ രാഹുൽ സദാശിവൻ, ഷെയ്ൻ നിഗം നായകനായ ഭൂതകാലത്തിന് ലഭിച്ച പ്രേക്ഷക – നിരൂപക പ്രശംസയോടെയാണ് ശ്രദ്ധേയനാവുന്നത്. ഡയറക്ട് ഒടിടി റിലീസായി സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തത്.

തീവ്ര പ്രണയവും നർമ്മവും നിറച്ച് സൈജു കുറുപ്പിന്റെ ‘അഭിലാഷം’ ട്രെയിലർ; ഈദ് റിലീസായി മാർച്ച് 29-ന് തിയേറ്ററുകളിലേക്ക്

പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ എത്തിച്ചവർ തന്നെ എമ്പുരാനെയും വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കും; ഡിസ്ട്രിബൂഷൻ പാർട്ണേഴ്സ് ഇവർ