“സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷനും അഭിനയവും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്ന് വിശ്വാസം”: വിനയൻ
മലയാളത്തിന് ഒരു ബിഗ് ബഡ്‌ജറ്റ് ചരിത്ര സിനിമ സമ്മാനിക്കാൻ ഒരുങ്ങുകയാണ് വിനയൻ. ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആകട്ടെ ‘കായംകുളം കൊച്ചുണ്ണി’, ‘പഴശ്ശിരാജ’ എന്നീ ചരിത്ര സിനിമകൾ നിർമ്മിച്ച ശ്രീ ഗോകുലം മൂവീസും. ആഴ്ചകൾക്ക് മുൻപ് നിർമ്മാതാക്കൾ പുറത്തിറക്കിയ ഈ ചിത്രത്തിന്റെ ടീസർ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെക്കുക ആണ് സംവിധായകൻ വിനയൻ.
ചിത്രത്തിന്റെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായതായും റിലീസ് തീയതി ഉടനെ തന്നെ പ്രഖ്യാപിക്കും എന്നും അറിയിച്ചിരിക്കുക ആണ് വിനയൻ. കൂടാതെ ചിത്രത്തിന്റെ പുതിയ ഒരു ട്രെയിലറും പുറത്തിറങ്ങും എന്നും വിനയൻ വെളിപ്പെടുത്തി. സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചർച്ചയാവുകയും ചെയ്യും എന്ന പ്രതീക്ഷയും വിനയൻ പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പിൽ ആണ് ഇക്കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നവോത്ഥാന നായകനായ ധീര സാഹസികൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ഈ ചരിത്ര സിനിമ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് എന്നും വിനയൻ കുറിച്ചു.