സൗബിന്‍റെ മൂൺ വാക്ക്, ആടി പാടി ഭാസിയും; ഭീഷ്മ പർവ്വം പറുദീസ ഗാനം…

മലയാള സിനിമാ ലോകം അടുത്തതായി ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ‘ഭീഷ്മ പർവ്വം’. ചിത്രത്തിന്റെ ഒരു ടീസറും രണ്ട് ഗാനങ്ങളുടെ ലിറിക്കൽ വീഡിയോയും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. മുൻപ് പുറത്തിറക്കിയ ഒരു ഗാനത്തിന്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ റിലീസ് ആയിരിക്കുകയാണ്.
ശ്രീനാഥ് ഭാസി പാടിയ ‘പറുദീസ’ എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ എഴുതിയത്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഈ ഗാനത്തിന്റെ വീഡിയോ കാണാം:
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അനഘ എന്നിവർ ആണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. സൗബിൻ ഷാഹിറിന്റെ മൂൺ വാക്ക് ഉൾപ്പെടെയുള്ള ഡാൻസ് മൂവ്മെന്റ്‌സ് വീഡിയോയിൽ കാണാം. ശ്രീനാഥ് ഭാസിയും ഗാന രംഗത്തിൽ ചുവട് വെക്കുന്നുണ്ട്. മികച്ച അഭിപ്രായങ്ങൾ ആണ് ഗാനത്തിന് ലഭിക്കുന്നത്. ഇതിനോടകം 1 മില്യണിലധികം കാഴ്ചക്കാരെ ഗാനത്തിന് ലഭിച്ചു കഴിഞ്ഞു.
ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സംവിധായകൻ അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ്. നിർമ്മാണം അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് ആണ്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. മാര്‍ച്ച് മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും.