ദുല്‍ഖറിന്‍റെ സാന്നിധ്യം പറവയുടെ പ്രതീക്ഷ കൂട്ടുന്നു; ദുല്‍ഖറിന് പറയാന്‍ ഉള്ളത്…
നടന്‍ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പറവ ഒരുപാട് ശ്രദ്ധ നേടിയിരുന്നു. ചിത്രം സെപ്റ്റംബര്‍ 21ന് റിലീസിന് തയ്യാറെടുക്കുകയാണ്.
പറവയില്‍ മറ്റൊരു പ്രതീക്ഷ ദുല്‍ഖര്‍ സല്‍മാന്‍റെ സാന്നിധ്യം ആണ്. ചിത്രത്തില്‍ ദുല്‍ഖര്‍ മുഴുനീള കഥാപത്രമായല്ല എത്തുന്നത് എന്ന് മുന്‍പ് തന്നെ വ്യക്തം ആക്കിയതാണ്. എന്നാലും ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ എല്ലാംതന്നെ ദുല്‍ഖര്‍ തന്നെ ആയിരുന്നു താരം. ഈ അവസരത്തില്‍ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ പറ്റി പ്രേക്ഷരോട് ദുല്‍ഖര്‍ തന്നെ ‘സസ്പെന്‍സ്’ വെളിപ്പെടുത്തുന്നു. ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെ ആണ് ദുല്‍ഖര്‍ പറവയും തന്റെ കഥാപാത്രത്തിന്റെയും വിശേഷങ്ങള്‍ പ്രേക്ഷരോട് പങ്കു വെച്ചത്.
പ്രേക്ഷകരെ കമ്പളിപ്പിക്കാന്‍ തങ്ങള്‍ക്കു താല്പര്യം ഇല്ലെന്നും ചിത്രത്തില്‍ 25 മിനിട്ടോളം മാത്രമാണ് തന്‍റെ സാന്നിധ്യം എന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. 5 മിനിറ്റ് മാത്രമായിരുന്നു ചിത്രത്തില്‍ തനിക്കു ലഭിക്കുന്നതെങ്കില്‍ കൂടി താന്‍ അത് ചെയ്യുമായിരുന്നു കാരണം അതിഗംഭീരമായ ചിത്രമാണ് ഇത് എന്നും ദുല്‍ഖര്‍ പറയുന്നു.
ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹം തന്നെ ആണെന്നും ദുല്‍ഖര്‍ പറയുന്നു.
തനിക്കു ഈ ചിത്രത്തില്‍ അവസരം തന്നതില്‍ നിര്‍മാതാവ് അന്‍വര്‍ റഷീദിനും സംവിധായകന്‍ സൗബിന്‍ ഷാഹിറിനും ദുല്‍ഖര്‍ നന്ദി അറിയിക്കാനും ദുല്‍ഖര്‍ മറന്നില്ല.
താന്‍ ഈ ചിത്രം ഇഷ്ടപ്പെട്ടത് പോലെ പ്രേക്ഷകര്‍ക്കും ഈ ചിത്രം ഇഷ്ടമാകും എന്ന ഉറപ്പോടെ ആണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പറവ നിര്‍മിച്ചിരിക്കുന്നത് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ്. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് ചില ആക്ഷന്‍ രംഗങ്ങള്‍ കാരണം യൂ/എ സര്‍ട്ടിഫിക്കറ്റ് ആണ് കിട്ടിയത്.
ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളായി എത്തുന്നത് രണ്ടു ബാലതാരങ്ങള്‍ ആണ്. ഇവരെ കൂടാതെ ഷോണ്‍ നിഗം, നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങായി ചിത്രത്തില്‍ എത്തുന്നു.