ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലമാക്കി മേജർ രവിയുടെ ‘പഹൽഗാം’; പൂജ നടന്നു, ചിത്രീകരണം ഉടൻ

ഇന്ത്യൻ സൈനിക മുന്നേറ്റങ്ങളുടെ കഥകൾ വെള്ളിത്തിരയിൽ എത്തിച്ച് ശ്രദ്ധേയനായ സംവിധായകൻ മേജർ രവി തൻ്റെ പുതിയ ചിത്രവുമായി എത്തുന്നു. ‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ‘ഓപ്പറേഷൻ സിന്ദൂർ’, ‘ഓപ്പറേഷൻ മഹാദേവ്’ എന്നീ സൈനിക നടപടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ പൂജയും സ്ക്രിപ്റ്റ് സമർപ്പണവും കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് നടന്നു.
പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം, സംവിധായകൻ മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമ്മാണ പങ്കാളിത്തം വഹിക്കുന്നത്. ചടങ്ങിൽ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ചിത്രീകരണത്തിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു.
‘കീർത്തിചക്ര’ പോലുള്ള ദേശസ്നേഹ സിനിമകളിലൂടെ തൻ്റേതായ സ്ഥാനം ഉറപ്പിച്ച മേജർ രവി, ‘പഹൽഗാം’ ഒരു പാൻ-ഇന്ത്യൻ റിലീസായാണ് വിഭാവനം ചെയ്യുന്നത്. ഇന്ത്യൻ സൈനികരുടെ ത്യാഗം, ധീരത, വികാരങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം ശക്തമായ ഒരു ആക്ഷൻ-ഇമോഷണൽ ഡ്രാമയായിരിക്കും. സിനിമയുടെ കഥയ്ക്ക് ഭാഷാതീതമായി പ്രേക്ഷകരുമായി സംവദിക്കാൻ കഴിയുമെന്ന് നിർമ്മാതാവ് അനൂപ് മോഹൻ പ്രത്യാശ പ്രകടിപ്പിച്ചു.
എസ്. തിരുനാവുക്കരാസു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് ഡോൺ മാക്സാണ് കൈകാര്യം ചെയ്യുന്നത്. ഹർഷവർധൻ രമേശ്വർ സംഗീതവും വിനീഷ് ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും റോണെക്സ് സേവ്യർ മേക്കപ്പും ഒരുക്കുന്നു. തായ്‌ലൻഡ് ആക്ഷൻ കൊറിയോഗ്രാഫറായ കേച ഖംഫഖ്ഡീയാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അർജുൻ രവി സെക്കൻഡ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്യുന്നു. പിആർഒ ആതിര ദിൽജിത്ത്

